മുംബൈ : നാലാം ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,100ന് മുകളിലെത്തി. സെന്‍സെക്‌സാകട്ടെ 61,000നരികെയും. 380 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 60,997ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 111 പോയന്റ് നേട്ടത്തില്‍ 18,166ലുമെത്തി.
കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന മൂന്നാംപാദ ഫലങ്ങളും കേന്ദ്ര ബജറ്റും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളുമൊക്കെയാണ് രാജ്യത്തെ സൂചികകള്‍ നേട്ടമാക്കിയത്. യുഎസ് വിപണി നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.6ശതമാനവും നേട്ടത്തിലാണ്.