രണ്ടാനമ്മയ്‍ക്കെതിരെ പരാതിയുമായി നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലുള്ള കോതപേട്ടിലാണ് തന്റെ രണ്ടാനമ്മയ്‍ക്കെതിരെ പരാതിയുമായി നാലാം ക്ലാസുകാരൻ പൊലീസിനെ സമീപിച്ചത്. പിന്നാലെ, പൊലീസ് കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും വിളിച്ചു വരുത്തുകയും കൗൺസലിംഗ് നൽകി തിരികെ അയക്കുകയും ചെയ്തു.
നാലാം ക്ലാസുകാരനായ ദിനേഷിന്റെ അച്ഛൻ ദിനേഷിന്റെ അമ്മ മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പുതിയൊരു വിവാഹം കഴിച്ചത്. ഞായറാഴ്ച ദിനേഷിന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമായിരുന്നു. അതിന് പോകാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവൻ. കുളിച്ച് വന്ന ഉടനെ രണ്ടാനമ്മയോട് തനിക്ക് ധരിക്കാൻ ഒരു വെള്ള ഷർട്ട് വേണം എന്ന് അവൻ പറഞ്ഞു. എന്നാൽ, രണ്ടാനമ്മ അവന് ആ ഷർട്ട് നൽകിയില്ല എന്ന് മാത്രമല്ല അവനെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനും അനുവദിച്ചില്ല.
തനിക്ക് എന്ത് തന്നെയായാലും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോണം എന്ന് പറഞ്ഞ ദിനേഷിനെ രണ്ടാനമ്മ ശാരീരികമായി അക്രമിക്കാൻ തുനിയുകയായിരുന്നു. ഇതോടെ കടുത്ത നിരാശയിലും വേദനയിലുമായ കുട്ടി വെറുമൊരു ടവ്വൽ മാത്രം ധരിച്ച് ഏലൂർ ടു ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. രണ്ടാനമ്മയ്‍ക്കെതിരെ പരാതിയും നൽകി. ദിനേഷിന്റെ ധീരമായ പ്രവൃത്തി കണ്ട് പൊലീസ് ആദ്യം ഒന്നമ്പരന്നു. എങ്കിലും, സർക്കിൾ ഇൻസ്പെക്ടർ പി. ചന്ദ്രശേഖർ കുട്ടിക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടു. പിന്നാലെ അവന്റെ അച്ഛനേയും രണ്ടാനമ്മയേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കുട്ടികളോട് ഇടപെടേണ്ടത് എങ്ങനെയെന്നും മറ്റുമായി ഇരുവർക്കും കൗൺസിലിംഗും നൽകി.
കുട്ടി പൊലീസ് സ്റ്റേഷനിൽ പോയ കഥ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേർ കുട്ടിയുടെ ധീരതയെ അഭിനന്ദിച്ചു.