ഗുരുതിപ്പാല: മാള ഗുരുതിപ്പാലയിൽ വ്യാപാരിയ്ക്ക് മര്‍ദ്ദനം. കെ എൽ ടി സ്‌റ്റോർസ് ഉടമ കീഴേടത്തുപറമ്പിൽ കെ.ടി. ജോൺസനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തിയായിരുന്നു മർദനം. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശികളായ ഷിഹാസ്, ഷമീർ, മേലൂർ സ്വദേശിയായ വിവേക്, പോട്ട സ്വദേശിയായ സനൽ, അന്നമനട സ്വദേശിയായ സജി എന്നിവരെയാണ് മാള എസ് എച്ച് ഒ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജോൺസനെ വടിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന പാറയിൽ വളപ്പിൽ ശ്രീകുമാർ തടുത്തതു കൊണ്ട് വൻ അപകടം ഒഴിവായി. ആക്രമണം തടയാന്‍ ശ്രമിച്ച ശ്രീകുമാറിന് ചെറിയ പരുക്കുകൾ ഏറ്റിട്ടുണ്ട്. മർദ്ദനമേറ്റ ജോൺസനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിൽ എന്ന് സംശയിക്കുന്നത്.
തിരുവനന്തപുരം ആനാട് ടര്‍ഫിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഏഴുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലടക്കുന്ന് പാറയിൽ വീട്ടിൽ രവിയുടെ മകൻ രതീഷ്(40)നെയാണ് ശനിയാഴ്ച രാത്രി 9.30 ഓടെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ച രാത്രി രതീഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കാറിൽ രക്ഷപ്പെട്ട് പുലർച്ചെ കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുക ആയിരുന്ന ഈ സംഘത്തെ ഫോൺ ട്രെയിസ് ചെയ്താണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.