എച്ച്ഐവി അഥവാ ‘ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്’ ബാധയെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇത് ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ പിന്നെ പൂര്‍ണമായി ഇതില്‍ നിന്നൊരു മടങ്ങിപ്പോക്ക് സാധ്യമല്ല. വൈറസ് പെരുകാതിരിക്കാനും അതുവഴി രോഗം മൂര്‍ച്ഛിക്കുന്നത് തടയാനുമായിട്ടാണ് എച്ച്ഐവി ബാധിതര്‍ മരുന്ന് കഴിക്കുന്നത്. ഇതുതന്നെയാണ് എച്ച്ഐവിയുടെ ആകെ ചികിത്സ.
അതേസമയം രക്തമൂലകോശം മാറ്റിവയ്ക്കുന്നത് പോലുള്ള ചില പോംവഴികള്‍ പുതുതായി എച്ച്ഐവി ഭേദപ്പെടുത്തുന്നതിനായി പരീക്ഷിച്ചുനോക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ഇതിന്‍റെ ചികിത്സയായി വന്നിട്ടില്ല.
ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കില്ലെന്നതിനാല്‍ തന്നെ രോഗം പിടിപെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ എച്ച്ഐവി പകരുന്ന ഒരു മാര്‍ഗം എച്ച്ഐവി ബാധിതരെ കുത്തിവച്ച സിറിഞ്ചുപയോഗിച്ച് തന്നെ വൈറസ് ബാധയില്ലാത്തവരെയും കുത്തിവയ്ക്കുന്നതാണ്. ലോകത്താകെയും തന്നെ ഈ രീതിയില്‍ എച്ച്ഐവി അണുബാധ പകര്‍ന്നുകിട്ടിയ നിരവധി പേരുണ്ട്. ഇന്ത്യയില്‍ ഇങ്ങനെയുള്ള കേസുകളുടെ തോത് താരതമ്യേന കൂടുതലാണ്.
ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ സമാനമായൊരു കേസ് കൂടി ഉയര്‍ന്നുവന്നിരിക്കുകയാണ്. യുപിയിലെ ഇറ്റായില്‍ ‘റാണി അവനിബായ് ലോധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജി’ലാണ് ഡോക്ടര്‍ സിറിഞ്ച് മാറ്റാതെ കുത്തിവച്ചതിനെ തുടര്‍ന്ന് പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന പരാതി വന്നിരിക്കുന്നത്.
ഫെബ്രുവരി 20നാണ് പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് എച്ച്ഐവി ടെസ്റ്റ് ഫലം പോസിറ്റീവ് ആയപ്പോള്‍ ആശുപത്രിക്കാര്‍ അവളെ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറ്റിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ പെൺകുട്ടിക്ക് മാത്രമല്ല, ഒരുപാട് കുട്ടികളെ ഇതേ സിറിഞ്ച് വച്ച് തന്നെയാണ് ഡോക്ടര്‍ കുത്തിവച്ചിരിക്കുന്നതെന്നും ഇക്കാര്യം കൂടി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം വലിയ ചര്‍ച്ചയായതോടെ യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പ്രതാപ് ഇടപെട്ടിട്ടുണ്ട്. ആശുപത്രി മേധാവിയോട് വിശദകരണം ചോദിച്ചിട്ടുണ്ടെന്നും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടിയുണ്ടാകുമെന്നും ഇദ്ദേഹം അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഇറ്റാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉമേഷ് കുമാറും അറിയിച്ചിട്ടുണ്ട്.
വിവിധ രോഗങ്ങളോടും അണുബാധകളോടുമെല്ലാം പോരാടാനുള്ള ശരീരത്തിന്‍റെ കഴിവ് നഷ്ടപ്പെട്ടുവരുന്ന അവസ്ഥയാണ് എച്ച്ഐവി അണുബാധയില്‍ കാണപ്പെടുക. രോഗാബാധിതരുടെ രക്തം,ശുക്ലം, സ്വകാര്യഭാഗങ്ങളിലെ സ്രവം എന്നിവയിലൂടെയെല്ലാം രോഗം പകരാം. എച്ച്ഐവി അണുബാധയുണ്ടായാലും വര്‍ഷങ്ങളോളം അതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതേസമയം പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്താം. എച്ച്ഐവി ചികിത്സിക്കാതെ തുടരുമ്പോള്‍ അത് ക്രമേണ എയ്ഡ്സിലേക്കുമെത്തുന്നു. ഇതിന് സാധാരണനിലയില്‍ എട്ട് മുതല്‍ പത്ത് വര്‍ഷം വരെയെല്ലാം എടുക്കാറുണ്ട്.