അടുത്ത കാലത്തായി അതിപുരാതന കാലത്തെ ജീവികളുടെ നിരവധി തെളിവുകള്‍ ഖനനനത്തിലൂടെയും മറ്റും ഭൂമിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി ചേരുകയാണ്. അതും 30,000 വർഷം പഴക്കമുള്ള ‘തികച്ചും സംരക്ഷിക്കപ്പെട്ട നിലയിലുള്ള’ ഒരു അണ്ണാന്‍റെ മമ്മി. ആദ്യ കാഴ്ചയില്‍ രോമാവൃതമായ ഒരു പന്തിന്‍റെ രൂപത്തിലായിരുന്നു അണ്ണാന്‍. എന്നാല്‍ അപ്പോള്‍ അതെന്താണെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് അത് പ്രകൃതി തന്നെ മമ്മിഫൈ ചെയ്ത് സൂക്ഷിച്ച അണ്ണാനാണെന്ന് വ്യക്തമായത്.
എക്‌സ്‌റേ സ്‌കാനിംഗിൽ ഹിമയുഗത്തില്‍ 30,000 വർഷം പഴക്കമുള്ള മമ്മിഫൈഡ് ഗ്രൗണ്ട് അണ്ണാനാണ് അതെന്ന് കണ്ടെത്തിയത്. ഒരു സ്വർണ്ണ ഖനിത്തൊഴിലാളിക്ക് കാനഡിയിലെ യുക്കോണ്‍ പ്രദേശത്തെ ഡോസൺ സിറ്റിക്ക് സമീപമുള്ള ക്ലോണ്ടൈക്ക് സ്വർണ്ണ പാടങ്ങളിൽ നിന്ന് നിഗൂഢമായ രോമ പന്ത് കണ്ടെത്തിയതായി യുക്കോൺ ബെറിംഗിയ ഇന്റർപ്രെറ്റീവ് സെന്‍ററാണ് അറിയിച്ചത്. “ചെറിയ കൈകളും നഖങ്ങളും കാണുന്നതുവരെ അതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല, ഒന്ന് കൂടി നോക്കിയാല്‍ ഒരു ചെറിയ വാലും കാണും, തുടർന്ന് നിങ്ങൾ ചെവികൾ കാണും,” യുക്കോൺ ഗവൺമെന്‍റ് പാലിയന്റോളജിസ്റ്റായ ഗ്രാന്റ് സാസുല സിബിസിയോട് പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനായി അദ്ദേഹം അത് മൃഗഡോക്ടറായ ജെസ് ഹീത്തിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. ഹീത്ത് ആ രോമാവൃതമായ പന്തിനെ എക്സ്-റേ സ്കാനിംഗ് നടത്തി. ഈ എക്സ്റേ സ്കാനിംഗിലാണ് അത് രോമാവൃതമായ ഒരു പന്തല്ലെന്നും ചുരുണ്ടകൂടിയ ആർട്ടിക് ഗ്രൗണ്ട് അണ്ണാനാണെന്നും തിരിച്ചറിഞ്ഞത്. ‘അതൊരു പക്ഷേ അതിശൈത്യകാലത്ത് ജീവിതത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ മരിച്ചതാകാം. ഉറങ്ങുന്നത് പോലെ ചുരുണ്ടു കൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു അത്. പുറത്ത് നിന്ന് നോക്കുമ്പോൾ ഇത് ഒരു തവിട്ട് നിറത്തിലുള്ള പന്ത് പോലെയാണ്. അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള പാറ പോലെ തോന്നും. എന്താണെന്ന് തിരിച്ചറിഞ്ഞതില്‍ എനിക്ക് മതിപ്പുണ്ടെന്നും’ ഹീത്ത് പറഞ്ഞു.
യുകോണിലെ ക്ലോണ്ടൈക്ക് സ്വർണ്ണ പാടങ്ങൾ ഹിമയുഗം മുതൽ തണുത്തുറഞ്ഞ മണ്ണിൽ അത് അകപ്പെട്ടിരിക്കാം. അക്കാലത്തെ അതിശൈത്യത്തില്‍ മരിച്ച് പോയ ജീവികളെ അതിന്‍റെ മുടി, നഖങ്ങൾ എന്നിവയോടെയെല്ലാം സംരക്ഷിക്കുന്നതിന് ഈ പ്രദേശം നേരത്തെ തന്നെ പേര് കേട്ടതാണ്. നേരത്തെ ഇവിടെ നിന്നുള്ള സ്വര്‍ണ്ണഖനികളില്‍ നിന്നും മമ്മിഫെഡ് ചെയ്ത ചെന്നായയെയും ഒരു കുഞ്ഞ് മാമോത്തിനെയും കണ്ടെത്തിയിരുന്നു. കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്ൻ തുടങ്ങിയ താപ-കണിക വാതകങ്ങളുടെ മനുഷ്യ ഉദ്‌വമനം മൂലം ആഗോള താപനില ഉയരുന്നത് തുടരുന്നതിനാൽ ഇതുപോലുള്ള കണ്ടെത്തലുകൾ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇത് അതിശൈത്യ പ്രദേശങ്ങളെ ഉരുക്കുന്നു. ഭൂമിയിലെമ്പാടും ഇത്തരം പ്രതിഭാസം നടക്കുമ്പോള്‍ പ്രൃതി തന്നെ മമ്മിഫൈഡ് ചെയ്ക് സംരക്ഷിച്ച ജീവികൾ മുതൽ വൈറസുകളും ആന്ത്രാക്സ് നിക്ഷേപങ്ങളും വരെ എല്ലാം വെളിപ്പെടാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രലലോകം പറയുന്നു.
ട്രൊണ്ടക് ഹ്വിച്ചിൻ ജനതയുടെ പരമ്പരാഗത പ്രദേശത്ത് നിന്നാണ് ഈ അണ്ണാനെ കണ്ടെത്തിയത്. ഇന്നും യുകോണില്‍ കാണപ്പെടുന്ന ആർട്ടിക് ഗ്രൗണ്ട് അണ്ണാന്‍റെ അതേ ഇനത്തെയാണ് ഇപ്പോള്‍ ലഭിച്ചത്. എന്നാല്‍ ഇവ മരത്തെക്കാള്‍ മണ്ണിലാണ് ജീവിച്ചിരുന്നത്. മണ്ണിന് അടിയില്‍ കൂടുണ്ടാക്കി അത്തരം കൂടുകളിലായിരുന്നു ജീവിതം നയിച്ചത്. ഇത്തരം കൂടുകളില്‍ ഹിമയുഗം മുതലുള്ളവ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഖവും രോമങ്ങളും നഖങ്ങള്‍ക്ക് പോലും കാര്യമായ നാശം സംഭവിക്കാതെ ഇത്രയും പഴക്കമുള്ള ഒരു ജീവി സംരക്ഷിക്കപ്പെട്ട നിലയില്‍ ലഭിക്കുന്നത് അത്യപൂര്‍വ്വമാണെന്നും സസുല പറയുന്നു.