ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് സർക്കാർ ബംഗ്ലാവ് ഒഴിയാൻ ജമ്മു കശ്മീർ ഭരണകൂടം ആവശ്യപ്പെട്ടു. ബംഗ്ലാവ് ഒഴിയാൻ രണ്ട് വർഷത്തിനിടെ രണ്ടാമത്തെ നോട്ടീസാണ് നൽകുന്നത്. ശ്രീനഗറിലെ വിഐപി എൻക്ലേവായ ഗുപ്കർ റോഡിലെ ഫെയർവ്യൂ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് ഒക്‌ടോബർ 15-നാണ് ഡെപ്യൂട്ടി ഡയറക്ടർ (ജെ&കെ എസ്റ്റേറ്റ്സ് വകുപ്പ്) നോട്ടീസ് നൽകിയത്. സുരക്ഷയോടുകൂടിയ ബദൽ സംവിധാനം ഒരുക്കാമെന്ന് അറിയിച്ചാണ് നോട്ടീസ് നൽകിയത്.
നോട്ടീസ് ലഭിച്ചതായി മെഹബൂബ സ്ഥിരീകരിച്ചെങ്കിലും ബദൽ താമസ സൗകര്യം സ്വീകരിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫെയർവ്യൂവിൽ നിന്ന് പുറത്താക്കാനുള്ള നോട്ടീസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലഭിച്ചെന്നും നോട്ടീസ് പ്രതീക്ഷിച്ചതാണെന്നും മെഹബൂബ പറഞ്ഞു.
നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നത് നിയമ വിദഗ്ധരുമായി ആലോചിക്കുമെന്ന് പിഡിപി അധ്യക്ഷ പറഞ്ഞു. തനിക്ക് താമസിക്കാൻ കഴിയുന്ന ഒരു സ്ഥലം സ്വന്തമായി ഇല്ല. തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമ വിദഗ്ധരുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 2015ൽ മെഹബൂബയുടെ പിതാവ് അന്തരിച്ച മുഫ്തി മുഹമ്മദ് സയീദ് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെയാണ് ഫെയർവ്യൂ നവീകരിച്ചത്.
2019 ഓഗസ്റ്റിൽ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ഗുലാം നബി ആസാദും ഒമർ അബ്ദുള്ളയും 2020-ൽ തങ്ങളുടെ സർക്കാർ ബംഗ്ലാവുകൾ ഒഴിഞ്ഞു. ആസാദ് ഗുപ്കർ റോഡിലെ ജമ്മു കശ്മീർ ബാങ്ക് ഗസ്റ്റ്ഹൗസിലാണ് താമസിക്കുന്നത്. ഒമറും ഇവിടെയാണ് താമസം. 1990 കളിൽ ബിഎസ്എഫിന്റെ ചെയ്യൽ കേന്ദ്രമായിരുന്നു ഫെയർവ്യൂ ബംഗ്ലാവ്. എന്നാൽ, അന്നത്തെ മുഖ്യമന്ത്രി ഫാറൂഖ് തന്റെ ചീഫ് സെക്രട്ടറി അശോക് ജെയ്റ്റ്‌ലിക്ക് താമസിക്കാനായി അനുവദിച്ചു.