ആലുവ: വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി അംഗമായാൽ സർവകലാശാലയിൽ അധ്യാപകരാവാം. വേറെ യോഗ്യതയൊന്നും വേണ്ട. കേരളത്തിൽ പകുതിയോളം സർവകലാശാലകളുടെ തലപ്പത്ത് ആളില്ല. കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു തെറ്റു ചെയ്താലും യൂണിയൻ സംരക്ഷിക്കും വിദ്യാർഥി സംഘടന സംരക്ഷിക്കും എന്ന ചിന്തയാണ്. അവർ രാഷ്ട്രീയത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ച വളരെ ഗൗരവമുള്ളതാണ്. വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നത്. ക്രമസമാധാനം തകർന്നാൽ നമ്മളും വിദ്യാഭ്യാസ മേഖല തകർന്നാൽ ഭാവി തലമുറയുമാണ് സഹിക്കേണ്ടത്. സർവകലാശാലകളിൽ പാർട്ടിക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നു.
ഇത്തവണ 38 പേരാണ് കേരളത്തിൽ നിന്നും ഐ.എ.എസുകാരായി തെരഞ്ഞെടുക്കപ്പെട്ടത്. അവരിൽ പകുതിയിലധികം പേർ പുറത്തെ സർവലാശാലകളിൽ നിന്ന് ബിരുദം നേടിയവരാണ്. കേരളത്തിൽ നിന്ന് വ്യവസായവും കച്ചവടവും അകന്നു. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളും കേരളത്തിൽ നിന്ന് അകലുകയാണ്. വരും തലമുറകളുടെ ഭാവി വെച്ചാണ് കളിക്കുന്നത്.
കേരളത്തിൽ കുറ്റകൃത്യനിരക്ക് കുറവാണെങ്കിലും നിയമം കൈയിലെടുക്കാനുള്ള പ്രവണത കൂടുതലാണെന്നും ഗവർണർ വ്യക്തമാക്കി.