ജിപിഎസ് വഴി തെറ്റിച്ച് പലയിടങ്ങളിലും ആളുകൾ പെരുവഴിയിലാവുന്നതോ കുടുങ്ങിപ്പോകുന്നതോ ഒന്നും പുതിയ വാർത്തയല്ല. ഹവായിയിൽ രണ്ട് വിനോദസഞ്ചാരികൾ അത്തരത്തിൽ കുടുങ്ങിപ്പോയതാണ് ഇപ്പോൾ വാർത്തയാവുന്നത്. സ്വദേശികളായ ക്രിസ്റ്റി ഹച്ചിൻസൺ, ഭർത്താവ് സീൻ എന്നിവരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഇരുവരും തങ്ങളുടെ ബോട്ടിലായിരുന്നു. ആ സമയത്താണ് വെള്ളത്തിലേക്ക് ഒരു കാർ വരുന്നത് കണ്ടത്. അതിനകത്ത് രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വെള്ളത്തിൽ വീണുവെങ്കിലും അവർ പരിഭ്രമിച്ചില്ല പകരം പുഞ്ചിരിക്കുകയായിരുന്നു എന്ന് ദമ്പതികൾ പറയുന്നു.
ക്രിസ്റ്റി സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി. അതേ സമയം സീനും ചില സുഹൃത്തുക്കളും ചേർന്ന് വെള്ളത്തിൽ വീണ വിനോദസഞ്ചാരികളെ സഹായിക്കാൻ ചെന്നു. കാറിൽ രണ്ട് സഹോദരിമാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ച് കാറിനകത്ത് ഇരിക്കുന്ന നിലയിൽ തന്നെയായിരുന്നു. കുറച്ച് സമയം വേണ്ടിവന്നു ഇരുവർക്കും സീറ്റ് ബെൽറ്റ് അഴിച്ച ശേഷം കാറിന്റെ പുറത്തേക്ക് വരാൻ. കാർ കൂടുതൽ മുങ്ങിപ്പോകാതിരിക്കാൻ വേണ്ടി അവിടെയുണ്ടായിരുന്ന ആളുകൾ കയറുപയോഗിച്ച് അതിനെ വലിച്ച് കയറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.
https://www.instagram.com/reel/CrpnmNyAqRy/?utm_source=ig_web_copy_link
വിൻഡോയിലൂടെ ഡ്രൈവിംഗ് സീറ്റിലിരുന്ന സ്ത്രീ പുറത്തേക്ക് വരുന്നതും കയറുമായി ആളുകൾ സഹായിക്കാൻ ചെല്ലുന്നതും എല്ലാം ക്രിസ്റ്റി പകർത്തിയ വീഡിയോയിൽ വ്യക്തമായി കാണാം. ഏതായാലും ആദ്യം വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത് ടിക്ടോക്കിലാണ്. അധികം വൈകാതെ തന്നെ അത് വൈറലാവുകയും ചെയ്തു. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ ചോദിച്ചത് തെറ്റായ ദിശയാണ് മാപ്പ് കാണിക്കുന്നത് എന്ന് അവർക്ക് മനസിലായില്ലേ എന്നാണ്? എന്നാലും ഏതാവും അവർ ഉപയോഗിച്ചിരുന്ന മാപ്പ് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.