ശാന്തൻപാറ (ഇടുക്കി) : ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻറെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കോളർ കൈമാറാൻ ആസ്സാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. പറമ്പിക്കുളത്തേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന ഹർജി കോടതി പരിഗണിച്ചാൽ ദൗത്യം വീണ്ടും നീളുമോയെന്ന ആശങ്ക വനംവകുപ്പിനും നാട്ടുകാർക്കുമുണ്ട്.