അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915ൽ തിരികെയെത്തിയതിന് ശേഷം മഹാത്മാ ഗാന്ധി ആദ്യമായി സ്ഥാപിച്ച കൊച്ച്രബ് ആശ്രമത്തിലെ പുനർ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് വിദ്യാപീഠത്തിന്റെ സംരക്ഷണയിലാണ് ഈ ആശ്രമം നിലവിലുള്ളത്. ഗാന്ധി ആശ്രമം സ്മാരകത്തിനായുള്ള മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങളായിരുന്നു തങ്ങളെ നയിച്ചതെന്നാണ് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഗാന്ധിജിയുടെ ആശയങ്ങൾ ഇന്ത്യയിലെ വരും തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലാവും സ്മാരകത്തിന്റെ പ്രവർത്തനമെന്നാവും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കിയത്. നിലവിൽ അഞ്ച് ഏക്കർ ഭൂമിയിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് വിശാലമാക്കാനും പുനരുദ്ധാരണത്തിനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
സബർമതി ആശ്രമം സദാ ഊർജ്ജം നൽകുന്ന ഒരിടമാണ്. അവസരം ലഭിക്കുമ്പോഴൊക്കെ ഇവിടെ വരുമ്പോഴെല്ലാം തന്നെ ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും ഇന്നും അനുഭവിക്കാൻ സാധിക്കും. സബർമതി ആശ്രമത്തിന്റെ പുനരുദ്ധാരണത്തിന്റെ ശിലാസ്ഥാപനം ചെയ്യാൻ സാധിച്ചു. ഗാന്ധിജിയുടെ ആദ്യ ആശ്രമം പുനർ നിർമ്മാണത്തിന് ശേഷം തുറന്നു നൽകുകയാണ്. ഗാന്ധിജി രണ്ട് വർഷത്തോളം ഇവിടെ താമസിച്ച് പല രീതിയിലുള്ള നൈപുണ്യങ്ങളും നേടിയ ശേഷമാണ് സബർമതിയിലേക്ക് പോയത്. അക്കാലത്തെ ഗാന്ധിജിയുടെ ജീവിതം എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് പുനർ നിർമ്മിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.