കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ റോഡരികിലെ കാനയിൽ വീണ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരം. അണുബാധയുടെ സാധ്യത ഉള്ളതിനാൽ കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. അതേസമയം, അപകടം നടന്ന സ്ഥലത്ത് ഇരുമ്പ് കമ്പി കൊണ്ട് ബാരിക്കേഡ് കെട്ടാൻ കോൺട്രാക്ടർക്ക് കൊച്ചി കോർപ്പറേഷൻ നിർദ്ദേശം നൽകി. ഇത് രണ്ട് ദിനസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം. നിലവിൽ താത്കാലിക ബാരിക്കേഡ് കൊണ്ടാണ് കാനയ്ക്കും റോഡിനും അതിര് വെച്ചിരിക്കുന്നത്.
മൂന്ന് വയസുകാരനെ വീഴ്ത്തിയ ചതിക്കുഴി പോലെ കൊച്ചി നഗരത്തിൽ നിരവധി ഓടകൾ മൂടാതെ കിടക്കുന്നുണ്ട്. കാൽനട യാത്രക്കാർ ട്രപ്പീസ് കളിക്കാരെ പോലെയാണ് ഈ ഓടകൾക്കരികിലൂടെ നടക്കുന്നത്. പനമ്പിള്ളി നഗറിൽ അപകടമുണ്ടായി ദിവസമൊന്ന് പിന്നിട്ടിട്ടും ഇവയൊന്നും മൂടാൻ നടപടിയായിട്ടില്ല. കൊച്ചി നഗരത്തിൽ എംജി റോഡ് കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ ഇടം ചിറ്റൂർ റോഡാണ്. ഇവിടെ ഒറ്റനോട്ടത്തിൽ കാനകൾക്ക് മുകളിൽ സ്ലാബുകൾ എല്ലായിടത്തും ഉണ്ട്. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ചതിക്കുഴികൾ കാണാം. ഇതിൽ കാൽനട യാത്രക്കാർ അടിതെറ്റ് വീഴുക പതിവാണ്.
എംജി റോഡിനെയും ചിറ്റൂർ റോഡിനെയും ബന്ധിപ്പിക്കുന്ന വീക്ഷണം റോഡിൽ ഒരു ഭാഗത്ത് കാനയ്ക്ക് മുകളിൽ സ്ലാബേ ഇല്ല. പണ്ടൊരിക്കൽ ഉണ്ടായിരുന്നതാണ്. വെള്ളക്കെട്ടിനെ തുടർന്ന് മാലിന്യം കോരാൻ നീക്കി, പിന്നെ പുനഃസ്ഥാപിച്ചില്ല. പനമ്പിള്ളി നഗറിലെ അപകടം നടന്ന് ദിവസം ഒന്ന് പിന്നിട്ടു. ഇനിയും കാനകൾ മൂടാത്തവർ ദുരന്തത്തിനായി കാത്തിരിക്കുകയാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.