വാഷിങ്ടന്‍ : ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്. മേരിലാന്‍ഡ് മെഡിസിന് യൂണിവേഴ്സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ഡേവിഡ് ബെന്നറ്റ് സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നതായും മേരിലാന്‍ഡ് മെഡിസിന് യൂണിവേഴ്സിറ്റി അറിയിച്ചു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. ഡേവിഡ് ബെന്നറ്റ് ഏറെ ദിവസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. അവയവദാനത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.
കഴിഞ്ഞ ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ഒരു സ്ത്രീയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പന്നിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാല്‍വുകള്‍ മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ പന്നിയുടെ തൊലി പൊള്ളലേറ്റവരില്‍ വച്ചുപിടിപ്പിക്കാറുണ്ട്.