കൊച്ചി: ചൂട് കനത്തതിനാൽ അഭിഭാഷകര്‍ക്ക് തല്‍ക്കാലം ഗൗണും കോട്ടും വേണ്ടെന്ന് ഹൈകോടതി. അഭിഭാഷകർക്ക് ഡ്രസ് കോഡിൽ ഹൈകോടതി താൽക്കാലിക ഇളവ് അനുവദിച്ചു. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ചേർന്ന ഹൈകോടതി ഫുള്‍ ബെഞ്ച് യോഗം ജില്ലാ ജുഡീഷ്യറിക്ക് കീഴിലെ കോടതികളിലെ അഭിഭാഷകർക്ക് കോട്ടും ഗൗണും ധരിക്കുന്നതിൽ ഇളവ് നൽകിയത്.
ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള കോടതികളിലെ അഭിഭാഷകർക്ക് മെയ് 31 വരെ കോട്ടും ഗൗണും നിർബന്ധമില്ല. ഹൈകോടതിയിലെ കോടതിമുറികൾ ശീതീകരിച്ചതാണെങ്കിലും, വിചാരണ കോടതികളിടെ കാര്യം അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഇത്തരം കോടതികളിലെ അഭിഭാഷകർക്കാണ് ഇളവിന്റെ ഗുണം കൂടുതൽ ലഭിക്കുക. ചൂട് കനത്തതോടെ രാജ്യത്തെ പല കോടതികളും അഭിഭാഷകർക്ക് കോട്ടും ഗൗണും ധരിക്കുന്നതിൽ നേരത്തെ തന്നെ ഇളവ് നൽകിയിരുന്നു. ഡ്രസ് കോഡിന്റെ കാര്യത്തിൽ കാലോചിതമായ പരിഷ്കരണം ആവശ്യമാണെന്ന നിലപാടാണ് അഭിഭാഷകർക്കുള്ളത്.