ബംഗളൂരു: വിവാഹമോചനത്തിന്റെ നോട്ടീസ് ലഭിച്ച ശേഷം സ്ത്രീധന പീഡന പരാതി നൽകുന്നതിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച്. ഭർത്താവിൽ നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് ശേഷം പരാതി നൽകിയാൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഒരു സ്ത്രീ നൽകിയ ക്രിമിനൽ കേസിലെ വാദം കേൾക്കുകയായിരുന്നു കോടതി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ ജസ്റ്റിസ് എസ് രാച്ചയ്യ റദ്ദാക്കിക്കൊണ്ട് വിധിയും പുറപ്പെടുവിച്ചു.
മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ നാഗേഷ് ഗുണ്ട്യാൽ, ഭാര്യ വിജയ, മകൾ അഞ്ജന, അഞ്ജനയുടെ ഭർത്താവ് അനിൽ എന്നിവർക്കെതിരെയാണ് റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ സ്വദേശിയായ സുമ പരാതി നൽകിയത്. 2013 മേയിലാണ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഗോപാൽ ഗുണ്ട്യാലും സുമയും വിവാഹിതരാകുന്നത്. മറാത്തിയും ഹിന്ദിയും അറിയാത്തതിനാൽ ഭർത്താവായ ഗോപാൽ സുമയെ ജോലി സ്ഥലമായ പൂനെയിലേക്ക് കൂട്ടിക്കൊണ്ടുപോയില്ല. പകരം ഭർതൃവീട്ടിൽ കഴിയാൻ നിർബന്ധിച്ചുവെന്നാണ് സുമ പറയുന്നത്.
ഭർത്താവ് പൂനെയിൽ ആയിരുന്ന സമയത്ത് ഭർതൃവീട്ടുകാർ തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് സുമ പരാതിയിൽ പറയുന്നു. ഒടുവിൽ പീഡനം സഹിക്കാനാവാതെ വന്നതോടെ താമസിക്കാൻ അനുവദിക്കണമെന്ന് സുമ ഭർത്താവിനെ കൊണ്ട് സമ്മതിപ്പിച്ചു. തന്റെ ബന്ധുക്കളെ ഒരിക്കലും പൂനെയിലെ വീട്ടിലേക്ക് വിളിക്കില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇത് സമ്മതിച്ചതെന്ന് സുമ പറഞ്ഞു. എന്നാൽ, 2018 ഡിസംബർ 22ന് രാത്രി 10.30 ഓടെ തന്നെയും മാതാപിതാക്കളെയും ഭർത്താവും വീട്ടുകാരും ചേർന്ന് ആക്രമിച്ചുവെന്ന് സുമ ആരോപിക്കുന്നു.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം സുമയുടെ ഭർത്താവിന്റെ വീട്ടുകാർ നിഷേധിച്ചു. ആരോപണങ്ങൾ അസംബന്ധമാണെന്നും സോലാപൂർ കുടുംബ കോടതിയിൽ ഗോപാൽ ആരംഭിച്ച വിവാഹമോചന നടപടികളോടുള്ള പ്രതികാരമായാണ് പരാതിയെന്നുമാണ് അവരുടെ വാദം. 2018 ഡിസംബർ 25 വരെ സുമ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങൾ അസംബന്ധ സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് രാച്ചയ്യ നിരീക്ഷിക്കുകയായിരുന്നു. സുമയുടെ ഭർതതാവ് 2018 ഡിസംബർ 17ന് സോലാപൂർ കുടുംബ കോടതിയിൽ വിവാഹമോചന അപേക്ഷ നൽകിയിരുന്നു. ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുമയുടെ ഭർതൃവീട്ടുകാർക്കെതിരായ നടപടികൾ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് രാച്ചയ്യ വിധി പറഞ്ഞത്.