കൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ടടക്കമാകും ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആനകളെ മർദ്ദിച്ച സംഭവത്തിൽ കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി ഇടപെടലുണ്ടായത്. പാപ്പാന്മാർക്കെതിരെ കേസെടുത്തുവെന്ന് സർക്കാർ മറുപടി നൽകിയിട്ടുണ്ട്.
ആനക്കോട്ടയിൽ നടക്കുന്നതെന്തൊക്കെയെന്ന് ദേവസ്വത്തിന് അറിവുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾ കോടതി ഉന്നയച്ചിരുന്നു. ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും കോടതി ഓർമ്മിപ്പിച്ചിരുന്നു. ആനകളോടുള്ള ക്രൂരത ലളിതമായി കാണാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ആനകളെ മെരുക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.