പാലക്കാട് : പോളി ക്ലിനിക് ആശുപത്രിയിൽ വച്ചു പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ചു ആശുപത്രി അധികൃതർ. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും മരിച്ച വിനിഷയ്ക്കു മതിയായ ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ആശുപത്രി വാർത്താകുറിപ്പ് ഇറക്കി. പ്രസവ ശേഷം വിനിഷയുടെ ബിപി പെട്ടന്ന് കുറഞ്ഞിരുന്നു. വിശദമായി പരിശോധിച്ചെങ്കിലും ബിപി കുറയാൻ ഉണ്ടായ കാരണം വ്യക്തമായില്ല. അപൂർവമായി ഉണ്ടാകുന്ന അംനിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്നായിരുന്നു പ്രാഥമിക നിഗമനം. ഇക്കാരണത്താൽ, ഉടൻ തന്നെ മെച്ചപ്പെട്ട ചികിത്സയ്ക്കായി സമീപത്തെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതേ സമയം വിനിഷയുടെ കുഞ്ഞു ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. വിനിഷയുടെ ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ് മോർട്ടത്തിനു അയക്കും. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ പൊലീസ് തുടർനടപടി സ്വീകരിച്ചേക്കും. ഷാർജയിൽ ജോലി ചെയ്യുന്ന വിനിഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. ചാലക്കുടി സ്വദേശി സിജിൽ ആണ് ഭർത്താവ്.