ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുന്നതും ജീവനാംശം നൽകുന്നതുമൊന്നും ഇന്ന് അത്ര പുതിയ കാര്യമല്ല. എന്നാൽ ഇതാദ്യമായിരിക്കും ഒരു ഭർത്താവ് ഭാര്യക്കുള്ള ജീവനാംശം നാണയത്തുട്ടുകളായി സൂക്ഷിച്ച് ചാക്കുകെട്ടിലാക്കി നൽകുന്നത്. ഏതായാലും ഭർത്താവിന്‍റെ ഈ പ്രവർത്തിയിൽ പണി കിട്ടിയത് പോലീസുകാർക്കാണ്. കാരണം കോടതി വിധിപ്രകാരം കുടിശ്ശികയടക്കം 40,000 രൂപയോളം ആയിരുന്നു ഭർത്താവ് ഭാര്യയ്ക്ക് നൽകാൻ ഉണ്ടായിരുന്നത്. കോടതി ഉത്തരവായതോടെ ഈ തുക ഭാര്‍ത്താവില്‍ നിന്നും ഈ തുക വാങ്ങി ഭാര്യയ്ക്ക് നൽകേണ്ട ഉത്തരവാദിത്വം പോലീസിന്‍റെതായി. ഒടുവിൽ ഇയാൾ പണം നൽകാൻ സമ്മതിച്ചു. പക്ഷേ, പോലീസിന് നല്ല ഒന്നാന്തരം പണി കൊടുത്തു കൊണ്ടാണെന്ന് മാത്രം. ജീവനാംശമായി പോലീസ് സ്റ്റേഷനിൽ എത്തിച്ച തുകയിൽ ഇരുപതിനായിരം രൂപയുടെ നാണയങ്ങളാണ് രണ്ട് ചാക്കുകളിലായി ഇയാൾ കൊണ്ടുവന്നത്. കൂടാതെ 10,000 രൂപയുടെ പത്ത് രൂപ നോട്ടുകളും കൂട്ടത്തിലുണ്ടായിരുന്നു.
തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഭാര്യയ്ക്ക് നൽകേണ്ട ഉത്തരവാദിത്വം പോലീസിന്‍റെതായതിനാൽ ഒടുവിൽ മണിക്കൂറുകൾ എടുത്ത് പോലീസ് നാണയത്തുട്ടുകൾ എണ്ണി തീർത്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പോലീസിനെ വലച്ച ഈ സംഭവം നടന്നത്. ഗ്വാളിയോറിൽ ബേക്കറി നടത്തിപ്പുകാരനായ ഒരു വ്യക്തിയും ഭാര്യയും തമ്മിലുള്ള കലഹം കോടതിയിൽ എത്തിയതോടെയാണ് ഇരുവർക്കും പിരിയാൻ കോടതി അനുവാദം നൽകിയത്. എല്ലാ മാസവും ജീവനാംശമായി ഭാര്യക്ക് 5,000 രൂപ വീതം നൽകണമെന്നും ബേക്കറി ഉടമയോട് കോടതി ഉത്തരവിട്ടു. എന്നാൽ അതിന് വഴങ്ങാതിരുന്ന അയാൾ എട്ട് മാസത്തോളം ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല. ഭാര്യ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് ഇയാളിൽ നിന്നും കുടിശ്ശികത്തുക അടക്കം വാങ്ങി ഭാര്യക്ക്ക്ക് നൽകാൻ ഗ്വാളിയോർ പോലീസിനോട് കോടതി ഉത്തരവിട്ടത്. പോലീസിന്‍റെ സമ്മർദ്ദ പ്രകാരം ഇയാൾ പണവുമായി സ്റ്റേഷനിൽ എത്തിയെങ്കിലും കൊണ്ടുവന്ന തുക മുഴുവൻ നാണയത്തുട്ടുകളും പത്ത് രൂപ നോട്ടുകളുമായിരുന്നുവെന്ന് മാത്രം. ഏതായാലും പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ പോലീസ് തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു.