തിരുവനന്തപുരം: കാരക്കാമണ്ഡപത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് ചൊവ്വാഴ്ച മരിച്ചത്. ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഭർത്താവിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്.
മൂന്ന് കുട്ടികളുള്ള ഷമീനയുടെ നാലാമത്തെ പ്രസവമായിരുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നതിനാൽ ഷമീനയും മൂന്ന് മക്കളുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതിരുന്ന ഭർത്താവ് ഇടയ്ക്ക് വീട്ടിൽ വന്നുപോവുകയായിരുന്നു പതിവ്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രദേശത്തെ ആശ വർക്കർമാർ ഉൾപ്പെടെ വീട്ടിലെത്തി ഇവരോട് ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ചെങ്കിലും വഴങ്ങിയില്ല.
ചൊവ്വാഴ്ച ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പ്രസവമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചത്. ഷമീനയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയും മൂത്ത കുട്ടിയുമാണ് പ്രസവമെടുക്കാൻ ഈ സമയം അടുത്തുണ്ടായിരുന്നത്. പ്രസവത്തെ തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലേക്ക് നയിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഈ വിവരങ്ങളെല്ലാം പുറത്തുവന്നതും.
ഷമീന പാലക്കാട് സ്വദേശിനിയാണ്. നേരത്തെ പൂന്തുറയിൽ താമസിച്ചിരുന്ന ഇവർ അടുത്താണ് കാരയ്ക്കാമണ്ഡപത്ത് എത്തി വാടക വീടെടുത്ത് താമസം തുടങ്ങിയത്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.