തൃശൂര്‍: തൃശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. സ്വർണ്ണാഭരണങ്ങളും വിഗ്രഹവും പണവും നഷ്ടപ്പെട്ടു. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം തിടപ്പള്ളിയുടെ വാതിലിലെ പൂട്ട് അടിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ആഭരണങ്ങളും വിഗ്രഹവുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റിയംഗമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടനെ തന്നെ ക്ഷേത്രം ഭാരവാഹികൾ ചാവക്കാട് പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അലമാര കുത്തി പൊളിച്ചാണ് കവർച്ച നടത്തിയത്. ക്ഷേത്ര ഓഫീസിന്‍റെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വർണ്ണ മാലകളും നഷ്ടപ്പെട്ടതായാണ് വിവരം. ഏഴു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. കൂടാതെ രണ്ടു ദിവസത്തെ അമ്പലത്തിലെ വരവ് പൈസയും നഷ്ടപ്പെട്ടതായാണ് വിവരം. മോഷണ വിവരം അറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.