തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സ വൈകിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനെ രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്.
സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു. 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം മർദ്ദനങ്ങൾക്ക് വിധേയമായി ചികിത്സ തുടരാൻ ആകില്ല എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബനവൻ എന്നിവർ പ്രതികരിച്ചു.