കോന്നി: കല്ലേലിയിൽ ചെളിക്കുഴി കത്തോലിക്ക പള്ളിയുടെ സെമിത്തേരിയിൽ കല്ലറ ഇളക്കിമാറ്റി വെള്ളരിക്കയും തകിടും നിക്ഷേപിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. പൂവൻപാറ റഹ്മാനിയ മൻസിലിൽ സൈനുദ്ദീൻ മൗലവിയെയാണ് (52)കോന്നി പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.
കോന്നിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ മുസ്ലിം പള്ളികളിൽ മൗലവിയായി സേവനം അനുഷ്ഠിച്ച ഇയാൾ അറബി ചികിത്സ കേന്ദ്രം നടത്തിവരികയായിരുന്നു. കല്ലേലി എസ്റ്റേറ്റിൽ തൊഴിലാളിയായ വാഴമുട്ടം സ്വദേശിയായ വീട്ടമ്മ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് മൗലവി പൊലീസിനോട് സമ്മതിച്ചു.
ഇവരുടെ മകന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്നും ഇത് ഒഴിവാക്കിത്തരാൻ ദുഷ്കർമം ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് മൗലവി വെള്ളരിയും അറബി സൂക്തങ്ങൾ അടങ്ങിയ താളിയോല ഉൾപ്പെടെ വസ്തുക്കളും വീട്ടമ്മയെ ഏൽപിച്ചു. ഇത് ഏതെങ്കിലും ഒരു കല്ലറയിൽ നിക്ഷേപിക്കാൻ മൗലവി വീട്ടമ്മയോട് പറഞ്ഞതായി കോന്നി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ പറഞ്ഞു. വീട്ടമ്മക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. പിടിയിലായ പ്രതിയെ കേസെടുത്തശേഷം ജാമ്യത്തിൽ വിടുമെന്നും പൊലീസ് അറിയിച്ചു.
കല്ലേലി ചെളിക്കുഴി കത്തോലിക്ക പള്ളിയുടെ സെമിത്തേരിയിലെ നെടുവുംപുറത്ത് വടക്കേതിൽ കെ.വി. വർഗീസിെൻറ കല്ലറ പൊളിച്ചാണ് വെള്ളരിക്കയും മറ്റ് വസ്തുക്കളും നിക്ഷേപിച്ചത്. 18ാം ചരമ വാർഷികം ആചരിക്കുന്നതിെൻറ തൊട്ടുമുമ്പുള്ള ദിവസം ബന്ധുക്കൾ കല്ലറ വൃത്തിയാക്കുന്നതിനിടെ സംഭവം ശ്രദ്ധയിൽപെടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.