അബുദാബി : ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കാന്‍ അഡ്നോക് ഉള്‍പ്പെടെയുള്ള യു.എ.ഇ. അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. അതേസമയം മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസിയോ യു.എ.ഇ. അധികൃതരോ പുറത്തുവിട്ടിട്ടില്ല. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് തിങ്കളാഴ്ച അബുദാബി മുസഫയില്‍ ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍ ഉണ്ടെന്ന വിവരം എംബസി തന്നെയാണ് സ്ഥിരീകരിച്ചത്. മരിച്ചവരെല്ലാം അഡ്നോക്കിലെ ജീവനക്കാരാണ്. ആറ്ുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവരില്‍ ചിലരെ കഴിഞ്ഞദിവസം രാത്രിതന്നെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
അബുദാബിയില്‍ രണ്ടിടങ്ങളിലായാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‌ഫോടനങ്ങള്‍. മുസഫയില്‍ അഡ്നോക്കിന്റെ എണ്ണ സംഭരണശാലയ്ക്ക് സമീപമുള്ള ഐക്കാഡ് മൂന്നില്‍ മൂന്ന് ഇന്ധന ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍തന്നെ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.
യെമെനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്ച രാത്രിയോടെ യു.എ.ഇ. ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളോട് പ്രതികരിക്കാന്‍ യു.എ.ഇ.ക്ക് എല്ലാ അവകാശവുമുണ്ടെന്ന് യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തത്തോടെയുമാണ് യു.എ.ഇ. കൈകാര്യം ചെയ്യുന്നതെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.