കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ നിലവിൽ വന്നു. ഇന്നലെ വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ 27 വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞയെന്ന് വരണാധികാരി കൂടിയായ കലക്ടർ കെ. ഇമ്പശേഖർ, ജില്ല പൊലീസ് മേധാവി പി. ബിജോയി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം പൊതുയോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്. സ്ഥാനാര്‍ഥികളുടെ വീടുകള്‍ കയറിയുള്ള നിശ്ശബ്ദ പ്രചാരണത്തിന് തടസ്സമില്ല.
അവശ്യ സർവിസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പാലനം, അഗ്നിരക്ഷ സേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസ്സമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് 3,280 അംഗ പൊലിസ് സേനയെ വിന്യസിക്കും. രണ്ട് പൊലിസ് സ്റ്റേഷനുകൾക്ക് ഒരു ഡിവൈ.എസ്.പി എന്ന കണക്കിൽ ആയിരിക്കും ചുമതല. ഇതിനായി ജില്ലയിലെ മൂന്ന് സബ്ഡിവിഷനുകളെ എട്ടാക്കി മാറ്റി. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് തെരഞ്ഞെടുപ്പ് ദിനത്തിലുണ്ടാകുന്ന കേസുകളുടെ അന്വേഷണ ചുമതല ക്രമസമാധന പാലനത്തിനൊപ്പം ഇവർക്ക് ഉണ്ടാകും.
പൊലിസിനു പുറമെ ഹോംഗാർഡ്, എക്സൈസ്, മോട്ടോർ വെഹിക്കിൾ, വനം, സ്പെഷൽ പൊലീസ് എന്നിവ ഉൾപ്പെടുന്നതാണ് സേന. ഇതിനു പുറമെ 948 എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി വിഭാഗങ്ങളുടെ സേവനവും ഉണ്ടാകും. 788 അംഗ സായുധ സേന മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തും.
ആർ.പി.എഫ് – മൂന്ന് കമ്പനി നാഗ പൊലീസ് മൂന്ന് കമ്പനി കർണാടക, മൂന്ന് കമ്പനി തെലങ്കാന, ഒരു പ്ലറ്റൂൺ സി.ആർ.പി.എഫ് എന്നിവയാണ് ഇതര സംസ്ഥാന നായുധസേന. പൊലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ.ടിയെ നിയോഗിക്കും. 60 ഗ്രൂപ് പട്രോൾ, 10 സ്ട്രൈക്കിങ് ഫോഴ്സ് എന്നിവയും ഉണ്ടാകും.