കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വം കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. അഹമ്മദ് ദേവര്കോവിലായിരിക്കും കമ്മിറ്റി ചെയര്മാന്. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം എം മാഹീന് എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍.