ദില്ലി: ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF – The International Monetary Fund). കേന്ദ്ര ബാങ്കിന്റെ നയങ്ങളും സാമ്പത്തിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തുതകളും ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫിന്റെ നിലപാട്. നേരത്തെ 8.2 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ നേടുമെന്നായിരുന്നു ഐ എം എഫ് പറഞ്ഞിരുന്നത്. എന്നാൽ ആഗോള തലത്തിലെ സാമ്പത്തിക കാലാവസ്ഥ ഗുണകരമല്ലാത്ത സാഹചര്യത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്. 80 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
ആഗോള തലത്തിൽ സാമ്പത്തിക പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഐ എം എഫ് റിപ്പോർട്ട്. ഏപ്രിൽ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിലേക്കുള്ള റിപ്പോർട്ടിൽ ആഗോള തലത്തിൽ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം ആയിരിക്കുമെന്ന് ഐഎംഎഫ് പറയുന്നു.
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. 2021 – 22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഈ നേട്ടം. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയ്ക്ക് 3.3 ശതമാനം മാത്രമായിരിക്കും വളർച്ചാ നിരക്കെന്നും ഐഎംഎഫ് പറയുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കൊവിഡിന്റെ തിരിച്ചടിയിൽ നിന്ന് പതിയ കരകയറുകയായിരുന്ന രാജ്യത്തിന് 2022 ലെ ആദ്യ മൂന്ന് മാസങ്ങളും വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ജനുവരിയിൽ ഒമിക്രോൺ കേസുകളിലെ വർധനവ് ചില കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളെ നിർബന്ധിതരാക്കി. 2022 ഏപ്രിൽ മാസത്തോടെയാണ് ഇന്ത്യയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെട്ടത്.