മണക്കാട്:തിരുവനന്തപുരം മണക്കാട് വീടിനുള്ളിൽനിന്ന് 100 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. വീട്ടുകാർ ക്ഷേത്ര ദർശനത്തിനത്തിന് പോകുന്നതിന് മുന്പേ മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ തുറയിൽ മോഷണത്തിനിടെ വീട്ടമ്മയെ ബലാൽസംഗം ചെയ്ത പ്രതിയാണ് ഈ മോഷണവും നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു വീട്ടില്‍ മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍റെ മകന്റെ ഉപനയന ചടങ്ങായതിനാൽ വീട്ടിൽ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളില്‍ സൂത്രത്തിൽ കടന്ന് കയറി ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ബലപ്രയോഗത്തിലൂടെ കതകുകള്‍ തകർത്തിട്ടില്ല, രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തു കടന്നിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന പഴങ്ങള്‍ കഴിച്ചിട്ടുണ്ട്. തൊട്ടടുത്ത് വീടും കടകളുമുണ്ട്. ആരും തന്നെ മോഷണം നടന്ന ദിവസം വീട്ടിലേക്ക് കയറുന്നത് ശ്രദ്ധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ നേരത്തെ കയറിയതെന്ന് സംശയിക്കുന്നത്. പൊലീസ് സംശയിക്കുന്നയാള്‍ മുമ്പ് നടത്തിയിട്ടുള്ള മോഷണങ്ങള്‍ക്കും സമാനസ്വഭാവമുണ്ട്.
വലിയതുറ സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കയറി ഒളിച്ചിരുന്ന ശേഷം വൃദ്ധയെ ബലാൽസംഗം ചെയ്ത മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് മണക്കാട് മോഷണക്കേസിലും സംശയിക്കുന്നത്. സ്വർണം വിൽക്കാൻ ഇയാള്‍ക്ക് മറ്റൊരു മോഷ്ടാവിന്‍റെ സഹായവും ലഭിച്ചതായാണ് സംശം. തിരുവനന്തപുരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഈ രണ്ട് ക്രിമിനലുകളെയും ഇപ്പോള്‍ കാണാനില്ല. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ ഷാഡോ പൊലിസ് ഉള്‍പ്പെടെ വൻ സംഘമാണ് അന്വേഷിക്കുന്നത്. മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ കറങ്ങി നടന്നു മോഷണം നടക്കുകയാണ് ഇയാളുടെ രീതി.