മലപ്പുറം : പെരിന്തൽമണ്ണ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തേക്ക് പോയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച പറ്റി. തപാൽ വോട്ടുകൾ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിട്ടേണിങ് ഓഫീസർ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകി. കളക്ടർ തുടർനടപടികൾ സ്വീകരിക്കും.
പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരവും ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫയും രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് കൗൾ റിപ്പോർട്ട് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. എണ്ണാതിരുന്ന 348 സ്പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ പെരിന്തൽമണ്ണ ട്രഷറിയിൽ എത്തിയ ഉദ്യോഗസ്ഥർക്ക് പക്ഷെ മൂന്ന് പെട്ടികളിൽ ഒന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റർ ഓഫീസിൽ ഈ പെട്ടി കണ്ടെത്തി.
പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുകളും മറ്റും മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാറുടെ ഓഫീസിലേക്ക് മാറ്റുന്നതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് തപാൽ വോട്ടു പെട്ടിയും ഉൾപ്പെട്ടു പോയതെന്നാണ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. റിട്ടേണിങ് ഓഫീസറും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കസ്റ്റോഡിയനുമായ പെരിന്തൽമണ്ണ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ട്രഷറിയിലും സഹകരണ രജിസ്റ്റർ ഓഫീസിലും പരിശോധനകൾ നടത്തി.