കാസര്‍കോട്: വ്യാജ സീലുകളുമായി ഇന്നലെ കാസര്‍കോട്ട് പിടിയിലായവര്‍ കൊറിയയിലേക്ക് ജോലിക്കായി ആളുകളെ കടത്താനാണെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ബാങ്ക് സ്റ്റേറ്റ്മെന്‍റും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും അടക്കം വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ ആളുകളെ കയറ്റി വിടുന്നത്. 37 വ്യാജ സീലുകളുമായി മൂന്ന് യുവാക്കളെയാണ് ബേഡകം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഉടുമ്പുതല സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ്‍വാന്‍ എന്നിവര്‍.
വിവിധ ബാങ്കുകള്‍, കോളേജുകള്‍, ഡോക്ടര്‍മാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സീലുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കൊറിയയിലെ ഓട്ടോമൊബൈല്‍ മേഖലയിലേക്ക് തൊഴിലിനായി ആളെ കയറ്റി വിടുന്നതിനായാണ് വ്യാജ സീലുകള്‍ നിര്‍മ്മിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊറിയയിലേക്ക് പോകാനുള്ള വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എറണാകുളത്തെ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളുടെ പേരിലുണ്ടാക്കും.
പോകുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത തുക ഉണ്ട് എന്ന് കാണിക്കാനായി വ്യാജ സ്റ്റേറ്റ്മെന്‍റും തയ്യാറാക്കും. ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കും. റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇതുപോലെ വ്യാജമായി ഉണ്ടാക്കുന്നതിനാണ് സീലുകള്‍ സംഘം ബംഗളൂരുവില്‍ നിന്ന് നിര്‍മ്മിച്ചതെന്നാണ് കണ്ടെത്തല്‍. അഹമ്മദ് അബ്രാര്‍ ആണ് നേതൃത്വം. ഇയാള്‍ 2019 മുതല്‍ കുറച്ച് കാലം കൊറിയയില്‍ ജോലി ചെയ്തിട്ടുണ്ട്. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതില്‍ സഹായിയാണ് മുഹമ്മദ് സഫ്‍വാന്‍. ഡ്രൈവര‍് മാത്രമാണ് സാബിത്ത്.
ഇത്തരത്തില്‍ അഹമ്മദ് അബ്രാര്‍ എട്ട് പേരെ കൊറിയയിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. നാല് ലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ഫീസായി വാങ്ങിയിരുന്നത്. മൂന്ന് പേരെ കൊണ്ട് പോകാനുള്ള വ്യാജ രേഖ തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘം. ഇതിനിടയിലാണ് വാഹന പരിശോധനയ്ക്കിടെ കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണാടിത്തോട് വച്ച് പിടിയിലായത്.
കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകളാണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. എംഇഎസ് കോളേജ്, ഷറഫ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്നിവയുടെ പ്രിന്‍സിപ്പലിന്‍റെ പേരിലുള്ള സീലുകളും റൗണ്ട് സീലുകളും പിടികൂടിയിട്ടുണ്ട്. ഡോക്ടര്‍മാരായ സുദീപ് കിരണ്‍, വിനോദ് കുമാര്‍, രമ്യ, സുധീഷ് എന്നിവരുടെ പേരിലുള്ള വ്യാജ സീലുകള്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലുള്ള സീലുകള്‍ തുടങ്ങിയവയും സംഘത്തിന്‍റെ കൈയില്‍ നിന്ന് പിടിച്ചെടുത്തവയില്‍. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തിരുന്നു.