കോഴിക്കോട്: ട്രെയിൻ തീവയ്പ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.
കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. യാത്രയിൽ ഷാറൂഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ കുറ്റം സമ്മതിച്ചതായി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അപകട സ്ഥലത്ത് കണ്ടെത്തിയ ബാഗ് പ്രതിയുടേതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.
മൂന്ന് പേരുടെ ജീവന്‍ നഷ്ടമാവുകയും ഒന്പത് പേര്‍ക്ക് ഗുരുതരമായി പൊളളലേല്‍പ്പിക്കുകയും ചെയ്ത ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുള്ള നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘം മാധ്യമങ്ങളെ അറിയിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്നും വ്യക്തമായിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് മണിയോടെ കോഴിക്കോട്ടെത്തിച്ച പ്രതി ഇന്ന് രാവിലെ വരെ കോഴിക്കോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലും പരിശോധനകളിലും ആയിരുന്നു. രാവിലെ 10മണിയോടെ മുന്‍സിഫ് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.ഇതിനിടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പ്രതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലന്നും ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണെന്നും റിപ്പോര്‍ട്ട് നല്‍കി. മജിസ്റ്റീരിയല്‍ കസ്റ്റഡിയിലായ പ്രതിയെ ഇതോടെ ജയിലിലേക്ക് മാറ്റാതെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുളള അപേക്ഷ നല്‍കാനായി അന്വേഷണ സംഘത്തിന്‍റെ നീക്കം. നാല് മണിയോടെ പ്രതിയെ മജിസ്ട്രേട്ടിന്‍റെ മുന്നിലെത്തിച്ചു.