നേരത്തെ ആളുകൾ ചില പ്രത്യേക ജോലികളിൽ പ്രവേശിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഉദാഹരണത്തിന്, അധ്യാപകരാവുക, ഡോക്ടറാവുക, എഞ്ചിനീയറാവുക, സർക്കാർ ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കുക തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. എന്നാൽ, കാലം മാറി ഇപ്പോൾ ആളുകൾ തങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് പണം സമ്പാദിക്കുന്നു. അതുപോലെ തങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് സന്തോഷവും കണ്ടെത്തുന്നു. അല്ലാതെ ഇന്ന ജോലിക്കേ പോകൂ, ഇന്ന ജോലി തന്നെ വേണം എന്നൊന്നും ഇന്ന് ആളുകൾക്കില്ല. വളരെ സ്മാർട്ടായിട്ടാണ് ഇന്ന് ആളുകൾ തങ്ങളുടെ ജോലി തെരഞ്ഞെടുക്കുന്നത്. ഇവിടെ ഒരു 34 -കാരി കുട്ടികളെ നോക്കുന്ന നാനിയായി ജോലി ചെയ്തുകൊണ്ട് ഓരോ ദിവസവും സമ്പാദിക്കുന്നത് ഒരുലക്ഷം രൂപയാണ്.
എന്നാൽ, അവരുടെ ജോലിക്ക് ഒരു പ്രത്യേകതയുണ്ട്. കുട്ടികളുടെ മാതാപിതാക്കൾ പണക്കാരാണ്. അങ്ങനെ വെറും പണക്കാരല്ല, മിനിമം കോടീശ്വരനെങ്കിലും ആണ്. ഗ്ലോറിയ റിച്ചാർഡ് എന്ന ന്യൂയോർക്കിൽ നിന്നുമുള്ള സ്ത്രീയാണ് ഇങ്ങനെ കോടീശ്വരന്മാരുടെ മക്കളെ നോക്കി ദിവസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്നത്. ഓരോ ദിവസം എത്ര രൂപ വരെ കിട്ടും എന്നത് എത്ര മണിക്കൂർ വരെ ഗ്ലോറിയ ജോലി ചെയ്യാൻ തയ്യാറാവും എന്നതിനനുസരിച്ചിരിക്കും.
വർഷത്തിൽ രണ്ട് മാസം ജോലി ചെയ്താൽ മതി തനിക്ക് ബാക്കിയുള്ള മാസങ്ങളിൽ സുഖമായി കഴിയാൻ എന്ന് ഗ്ലോറിയ പറയുന്നു. അതുപോലെ തന്നെ പണത്തിന് പുറമെ കുട്ടികളുമായി സമയം ചെലവഴിക്കുന്നതും തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. പോരാതെ, ചെലവുകളൊന്നും തന്നെ ഇല്ലാതെ പ്രൈവറ്റ് ജെറ്റുകളിലും മറ്റുമുള്ള ആഡംബര യാത്രകളും സൗകര്യങ്ങളും തനിക്ക് കിട്ടുന്നു എന്നും ഗ്ലോറിയ പറയുന്നു. എന്നാൽ, ഈ ജോലിക്ക് അതിന്റേതായ വെല്ലുവിളികളുണ്ട് എന്നും ഗ്ലോറിയ ഓർമ്മിപ്പിക്കുന്നു.