ദില്ലി: ഹേബിയസ് കോർപ്പസ് ഹർജികളിൽ ഹൈക്കോടതികൾക്കായി മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. ഹേബിയസ് കോർപ്പസ് ഹർജികളിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും കൗൺസിലിങ് നൽകി പങ്കാളികളുടെ കാഴ്ച്ചപ്പാട് മാറ്റുന്നതിന് ജഡ്ജിമാർ ശ്രമിക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേരളത്തിൽ നിന്നുള്ള കേസിന്‍റെ അടിസ്ഥാനത്തിലാണ് മാർഗനിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്.
സ്വവർഗ്ഗാനുരാഗികൾ ഹേബിയസ് കോർപ്പസ് ഹർജിയുമായോ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടോ കോടതിയെ സമീപിച്ചാൽ ഹർജികൾ പരിഗണിക്കുന്നത് വൈകാൻ പാടില്ലെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. പങ്കാളിയോ സുഹൃത്തോ കുടുംബാംഗങ്ങളോ നൽകുന്ന ഹർജികളിൽ വേഗം തീർപ്പ് കൽപ്പിക്കേണ്ടതാണ്. പങ്കാളിക്ക് ഹർജി നൽകാൻ അവകാശമുണ്ടോ എന്നതിൽ ബന്ധത്തെക്കുറിച്ചുള്ള അനാവശ്യ അന്വേഷണം ഒഴിവാക്കേണ്ടതാണെന്നും നിർദേശത്തിലുണ്ട്.
ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെ ലെസ്ബിയൻ പങ്കാളിയെ കൗൺസിലിങ്ങിന് വിധേയമാക്കാൻ നിർദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹർജി. വ്യക്തിയുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ജഡ്ജിമാരുമായി ചേംബറുകളിൽ നേരിട്ട് സംസാരിക്കാൻ അവസരം നൽകണം. കോടതി ഇൻ-ക്യാമറ നടപടികൾ നടത്തണം. ജഡ്ജിമാർ അനുകമ്പയോടെയും സഹാനുഭൂതിയോടെയും പെരുമാറണം. അവരെ സമ്മർദത്തിലാക്കരുത്. ജഡ്ജി ഹോമോ ഫോബിക്കോ ട്രാൻസ്ഫോബിക്കോ ആവരുതെന്നും ബെഞ്ച് നിർദേശം നൽകി.