കണ്ണൂര്‍: സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ഇന്ന് സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ സംഘത്തെ സ്വീകരിക്കും. ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി കണ്ണൂർ വരെ ഘോഷയാത്ര. ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം അഞ്ച് മണിയോടെ കണ്ണൂർ നഗരത്തിൽ ഘോഷയാത്ര സമാപിക്കും. കോഴിക്കോടിനെ പിന്നിലാക്കി 952 പോയിന്‍റ് നേടിയാണ് 23 വർഷത്തിന് ശേഷം കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.വിരുന്നെത്തിയവർക്ക് ഹൃദ്യമായ സ്വീകരണവും യാത്രയപ്പും നൽകിയാണ് കൊല്ലം കലോൽസവത്തിന് തിരശ്ശീല വീണത്.
അഞ്ച് ദിവസത്തെ കൊല്ലം മഹോൽസവം സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി. കൊല്ലത്ത് കലോൽസവമെന്ന് കേട്ടപ്പോൾ കാണികളുടെ എണ്ണത്തെക്കുറിച്ച് ആകുലതപ്പെട്ടവർക്കുള്ള മറുപടിയായിരുന്നു ആശ്രാമം മൈതാനത്തെത്തിയ പതിനായിരങ്ങൾ. 90 ശതമാനം വേദികളിലും നിറഞ്ഞ് കവിഞ്ഞ ആവേശം കൊല്ലത്തെ കലയിടമാക്കി. മണ്മറഞ്ഞ മഹാരഥന്മാരുടെ പേരിലുള്ള 24 വേദികൾ നഗരത്തിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ക്രമീകരിച്ചതും മൽസരാർത്ഥികൾക്ക് സൗകര്യമായി. ദിനേന പതിനായിരങ്ങൾക്ക് പരാതിക്കിട നൽകാതെ ഭക്ഷണമൊരുക്കിയ സംഘാടന മികവ് കണ്ടു കലവറയിൽ. യാത്രാ താമസ സൗകര്യങ്ങൾ നൽകിയും ആതിഥേയ മികവിന്‍റെ ഉദാഹരണമായി. കലയെ ഒരു നാടു മുഴുവൻ നേഞ്ചേറ്റിയ അഞ്ച് ദിനരാത്രങ്ങളാണ് കടന്നുപോയത്.