കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതിൽ മൂന്നാം ദിനവും പ്രതികളെ പിടിക്കാനാകാതെ പോലീസ്. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ മറ്റൊരു കുട്ടിയെ കൂടി സംഘം ലക്ഷ്യമിട്ടിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കേരളത്തെ ഞെട്ടിച്ച തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. ആരാണ് പിന്നിലെന്നും എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതം. പ്രതികൾ സഞ്ചരിച്ച ഒരു വെള്ളകാർ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി.
ചിറക്കര ചാത്തന്നൂര്‍ റൂട്ടിൽ പോയതായുള്ള ദൃശ്യങ്ങളാണ് ഇന്നലെ അവസാനം കിട്ടിയത്. ഇന്ന് ചിറക്കരയിൽ നിന്നും കാർ ബ്ലോക്ക് മരം ജംഗ്ക്ഷനിലേക്കും പിന്നെ പരവൂർ- പാരിപ്പള്ളി ഭാഗങ്ങളിലേക്കും പോകുന്നതിൻറയും സിസിടിവി ദൃശ്യങ്ങൾ കിട്ടി. പക്ഷെ സഞ്ചാരപഥം കൃത്യമല്ല. സംഘത്തിൽ എത്രപേർ ഉണ്ട് എന്നതിലും വ്യക്തതയില്ല. രണ്ടു സ്ത്രീകളുണ്ടെന്നാണ് പോലീസിന്റെ് സംശയം. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാൽ വഴി തെറ്റിച്ച് പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്. കാറിനൊപ്പം പലയിടത്തും ഒരു ഓട്ടോയുടെ സാന്നിധ്യവുമുണ്ട്.