ചെന്നൈ: ദളിതരെ വിലക്കിയതിന് അടച്ചിട്ട ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വില്ലുപ്പുറം ക്ഷേത്രം തുറക്കണമെന്ന ഹര്‍ജി തള്ളി. പരാതിക്കാരന് ദേവസ്വം വകുപ്പിനെ സമീപിക്കാമെന്നും കോടതി. സുധാ സര്‍വ്വേശ്കുമാറാണ് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് വി ഗംഗാപുര്‍വാല, ജസ്റ്റിസ് പി ഡി ആദികേശവാളു എന്നിവരുടെ ഫസ്റ്റ് ബെഞ്ചിന്‍റേതാണ് തീരുമാനം.
ദളിതര്‍ കയറിയതിന് പിന്നാലെയുണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് വരെ നിത്യ പൂജകള്‍ക്കായി ക്ഷേത്രം തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ സുധാ സര്‍വ്വേശ്കുമാര്‍ ആവശ്യപ്പെട്ടത്. ക്ഷേത്രത്തില്‍ ആര്‍ക്കും കയറുന്നതില്‍ വിലക്കില്ലെന്നും ജാതി വിവേചനമില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു. ആചാരങ്ങള്‍ അനുസരിച്ച് നിത്യ പൂജ മുടങ്ങരുതെന്നുണ്ടെന്നും കോടതി ഹര്‍ജി തള്ളി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം ജൂണ്‍ 7നാണ് പൂട്ടി സീൽ ചെയ്തത്.
മേൽജാതിക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് നിലനിന്ന തർക്കം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയായിരുന്നു ഇത്. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് തുടർന്ന് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ രവിചന്ദ്രനാണ് ഉത്തരവിട്ടത്.
ഗ്രാമത്തിൽ അസാധാരണമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ആരാധന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മീഷണർ വിലയിരുത്തിയിരുന്നു. പ്രശ്നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ച ശേഷമാണ് ക്ഷേത്രം സീല്‍ ചെയ്തത്.