എടത്വാ: ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയിൽ. തലവടി പഞ്ചായത്ത് 15 -ാം വാർഡിൽ പടിഞ്ഞാറേ പറമ്പിൽ സതീഷ് കുഞ്ഞാണ് (35) പൊലീസിന്‍റെ പിടിയിലായത്. ചക്കുളത്തുകാവ് ജംങ്ഷന് മുൻപിൽ വെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ സതീഷ് റോഡിൽ വാഹനം കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലായ സതീഷിനെ കോടതി റിമാന്‍റ് ചെയ്തു.
ഇതിനിടെ കായംകുളത്ത് കഴിഞ്ഞ ദിവസം മാങ്ങയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം വീട്ടിൽ ഉല്ലാസ്(33) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തീയതി രാത്രി 8.30 ഓടെ കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ ഇവര്‍ അക്രമിച്ച് വെച്ചി പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപത്ത് വച്ച് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും കേസിലെ ഒന്നാം പ്രതിയായ ബിജുവിന്‍റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബിജുവും മറ്റ് മൂന്ന് പേരും ചേർന്ന് മിനിയെയും സഹോദരി സ്മിതയെയും തടയാൻ ചെന്ന അയൽവാസി നീതുവിനെയും വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണ് ഇപ്പോള്‍ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.