തിരുവല്ല : ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ ആക്രമിച്ചയാൾ അറസ്റ്റിൽ. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് വീയപുരം ഷിബു(45) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. നിരണം സ്വദേശി സുരോജ് (61)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ് നടന്നത്.
ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. സുരോജിന്റെ വീട്ടിലെത്തിയ പ്രതി 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്ന് പ്രതി സുരോജിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിലത്ത് വീണ സുരോജിന്റെ തലയിൽ കരിങ്കല്ല് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സുരോജ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
18 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു എന്ന് പുളിക്കീഴ് പൊലീസ് ഇൻസ്‌പെക്ടർ ഇ. അജീബ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ വിചാരണ നേരിടുകയാണ്. തിരുവല്ല ഡി.വൈ.എസ്.പി അഷാദിന്റെ നിർദ്ദേശപ്രകാരം പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ അജീബ്, എസ്.ഐ മാരായ ഷെജിം, കുരുവിള സക്കറിയ, സി.പി.ഒ മാരായ റിയാസ്, നവീൻ,ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.