കൊച്ചി> അനധികൃത സ്വത്തുസമ്പാദന കേസിൽ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകാനുള്ള ഹൈക്കോടതിയുടെ നിർദേശം കർശന ഉപാധികളോടെ. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിചാരണക്കോടതിയുടെ സംശയം ഹൈക്കോടതിയും ശരിവയ്ക്കുന്നതായി വിധിന്യായത്തിൽ വ്യക്തമാക്കുന്നു. അതിനാലാണ് പണം വിട്ടുനൽകുന്നത് സാധാരണ നടപടിക്രമം മാത്രമായിട്ടും ഹെെക്കോടതി കർശന ഉപാധികൾ നിർദേശിച്ചത്. പണം വിട്ടുനൽണമെന്ന ഷാജിയുടെ ആവശ്യം തള്ളിയ കോഴിക്കോട് സ്‌പെഷ്യൽ കോടതി ഉത്തരവിലെ കണ്ടെത്തലുകൾ തെറ്റാണെന്ന് പറയാനാകില്ലെന്നും വിധിന്യായത്തിൽ സൂചിപ്പിക്കുന്നു.
ഷാജിയുടെ ഭാര്യയുടെ പേരിൽ കണ്ണൂർ അഴീക്കോട്ടുള്ള വീട്ടിൽനിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയ്ക്കുതുല്യമായ ബാങ്ക് ഗ്യാരണ്ടി ഹാജരാക്കിയാൽമാത്രമേ പണം വിട്ടുനൽകാവൂ എന്ന കടുത്ത ഉപാധിയാണ് കോടതി മുന്നോട്ടുവച്ചത്. മാത്രമല്ല തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വേണം. ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ചും സമാന സ്വഭാവമുള്ള മറ്റുചില കേസുകളിലെ സുപ്രീംകോടതി മുൻ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ കർശന ഉപാധികളോടെ പണം വിട്ടുനൽകുന്നുവെന്നാണ് ഹൈക്കോടതി വിധിന്യായത്തിലുള്ളത്.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച വിചാരണക്കോടതിയുടെ സംശയം ഹൈക്കോടതിയും ശരിവയ്ക്കുന്നു. തെരഞ്ഞെടുപ്പിനുശേഷവും പണപ്പിരിവ് നടന്നുവെന്ന് രസീതുകളിലെ തീയതികളിൽനിന്ന് വ്യക്തമാണ്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കുകളുമായി ഈ വാദം പൊരുത്തപ്പെടുന്നില്ല.
ആദായനികുതി റിട്ടേൺ സമർപ്പിച്ചതിലെ പൊരുത്തക്കേടും കോടതി വിലയിരുത്തുന്നുണ്ട്. 2015–-16, 2019–-20 സാമ്പത്തിക വർഷങ്ങളിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ല. 2021 ഏപ്രിൽ 12നാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. ഇതിനുശേഷം 2022 ഫെബ്രുവരി മൂന്നിനാണ് 2020-–-21 വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുകയും 10.47 ലക്ഷം രൂപ നികുതിയായി നൽകുകയും ചെയ്‌തത്.