തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനായി തിരച്ചിൽ തുടരുന്നു. രാത്രി മ്യൂസിയത്തിന് സമീപത്തെ ബെയ്ൻസ് കോമ്പൗണ്ടിലെ തെങ്ങിൽ കുരങ്ങിനെ കണ്ടിരുന്നു . എന്നാൽ പിന്നീട് അവിടെ നിന്നും ചാടി പോയി.
മൃഗശാല അധികൃതർ ബെയ്ൻസ് കൗമ്പൗണ്ട് പരിസരത്ത് തെരച്ചിൽ നടത്തും. രാത്രി അധികംദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണ് നിഗമനം. ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാനിരിക്കെയാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളേയും കുരങ്ങുകളേയും തലസ്ഥാനത്ത് എത്തിച്ചത്. ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെൺകുരങ്ങിനെ കൂട്ടിനു പുറത്ത് എത്തിച്ചത്. പെൺകുരങ്ങുകൾ ആൺകുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇപ്രകാരം ചെയ്തത്. എന്നാൽ കൂടിനു പുറത്തിറങ്ങിയ കുരങ്ങ് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ കയറി. പിന്നീട് മരങ്ങൾ പലതും ചാടിക്കടന്ന് ദൂരേക്ക് പോകുകയായിരുന്നു.
തുടർന്ന് കുരങ്ങിനെ പിടികൂടാനായി ആൺകുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെൺകുരങ്ങ് ശ്രദ്ധിക്കാതെ മൂന്നോട്ടു പോയി. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്നു മാറാതിരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.