മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സ്നേഹം വാക്കുകൾക്കും അതീതമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി പല മാതാപിതാക്കളും തങ്ങൾക്ക് കഴിയാവുന്നതെല്ലാം ചെയ്യാറുണ്ട്. എന്നുകരുതി എല്ലാ മാതാപിതാക്കളും അങ്ങനെ ആണ് എന്നൊന്നും അർത്ഥമില്ല. മക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടാത്ത മാതാപിതാക്കളും അവരെ ഉപദ്രവിക്കുന്ന മാതാപിതാക്കളും എല്ലാം ഈ ലോകത്തുണ്ട്. ഈ അമ്മയും അതിൽ പെട്ട ഒരാളാണ് എന്ന് പറയേണ്ടി വരും.
ആറ് വയസുള്ള ഈ കുട്ടിയെ അവന്റെ അമ്മ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് മറ്റൊരു സ്ത്രീക്ക് വിൽക്കുകയായിരുന്നു. സംഭവം നടന്നത് ടെക്സാസിലാണ്. മാർച്ച് മാസത്തിൽ ഈ ആറുവയസുകാരനെ കാണാതെയാവുകയായിരുന്നു. എന്നാൽ, പിന്നീട് അവന്റെ അമ്മയായ സിൻഡി റോഡ്രിഗസ്-സിംഗ് അവനെ വിറ്റതായി കണ്ടെത്തി. കുട്ടിയെ പിശാച് ബാധിച്ചു എന്നും അവന്റെ ദേഹത്ത് ബാധ കൂടി എന്ന് ആരോപിച്ചുമായിരുന്നു അമ്മ കുട്ടിയെ വിറ്റത്.
സ്ത്രീക്ക് അടുത്തിടെ രണ്ട് ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ആറ് വയസുകാരനെ ബാധ പിടികൂടിയിരിക്കുകയാണ് എന്നും അവൻ ഈ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കും എന്നുമായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴെല്ലാം സ്ത്രീ പറഞ്ഞിരുന്നത് കുട്ടി അവന്റെ അച്ഛന്റെ കൂടെയാണ് എന്നാണ് താൻ വിശ്വസിച്ചിരുന്നത് എന്നാണ്.
എന്നാൽ, അടുത്തിടെ ഇവരുടെ അടുത്ത ബന്ധുവാണ് കുട്ടിയെ വിറ്റതായി അറിയിച്ചത്. മാത്രമല്ല, സിൻഡി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നും അവന് പലപ്പോഴും വെള്ളവും ഭക്ഷണവും നിഷേധിച്ചിരുന്നു എന്നും ഈ ബന്ധു ആരോപിച്ചു. അവൾ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല അതിനാൽ തന്നെ ഭക്ഷണം വസ്ത്രത്തിൽ ആവുന്നതിനാൽ കുട്ടിക്ക് ഭക്ഷണം തന്നെ നിഷേധിക്കുകയായിരുന്നു എന്നും ബന്ധു പറയുന്നു.
കുട്ടി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവർക്കൊപ്പം കണ്ടത്. എന്നാൽ, കുട്ടിയെ കാണാതായതായി കുടുംബം പരാതി നൽകുന്നത് ഈ വർഷം മാർച്ചിൽ മാത്രമാണ്. പരാതി നൽകിയതിന് പിന്നാലെ സിൻഡിയും രണ്ടാം ഭർത്താവും കുട്ടികൾക്കൊപ്പം ഇന്ത്യയിലേക്ക് കടന്നു. അവർ ഇപ്പോഴും ഇന്ത്യയിൽ തന്നെയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയേയും ദമ്പതികളേയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.