എട്ടുമാസം പ്രായമുള്ള മകളെ കാറിൽ വെച്ച് ഡോക്ടറായ അമ്മ മറന്നു. 10 മണിക്കൂറോളം ആശുപത്രി പാര്‍ക്കിംഗിലെ കാറില്‍ കുടുങ്ങിപ്പോയ കുഞ്ഞിന് ദാരുണാന്ത്യം. മലേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സഭവം. കാൻസ്‍ലർ തവാൻകു മുഹ്‍രിസ് യു.കെ.എം ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം ദാരുണ സംഭവം നടന്നത്.
കുഞ്ഞിനെ നഴ്‍സറിയില്‍ അയച്ചെന്ന ധാരണയിലായിരുന്നു അമ്മ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറിയത്. എന്നാല്‍ വൈകീട്ട് 5.30 ഓടെ കുഞ്ഞ് ക്വിന്റർ ഗാർട്ടനിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അമ്മ നടുങ്ങിയത്. ഉടൻ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചു. അപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സിപിആർ നൽകാൻ ശ്രമിച്ചു. പക്ഷേ അനക്കമൊന്നുമുണ്ടായില്ല. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റി. വീണ്ടും സിപിആർ നൽകിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരണത്തിന് കീഴടങ്ങിയരുന്നു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ അവഗണിച്ചതായി സംശയിക്കുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ സാം ഹലീം പറഞ്ഞു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം അമ്മയിൽ നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2001ലെ ചൈൽഡ് ആക്‌ട് സെക്ഷൻ 31(1)(എ) പ്രകാരം അവഗണനയ്‌ക്കായി കേസ് ‘പെട്ടെന്നുള്ള മരണം’ എന്ന് തരംതിരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും സാം ഹലീം വ്യക്തമാക്കിയതായി മലേഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.