സിയാറ്റില്‍: ചുരുക്കി ചുരുക്കി ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിൽ വരെ മസ്ക് ചിലവ് ചുരുക്കിയിരിക്കുകയാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ ഇല്ലെന്ന സംഭവം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ജീവനക്കാർ റിപ്പോർട്ട് ചെയ്തത്. ജോലി ചെയ്യുന്നതിന് കൂലി കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതിനാണ് ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായതും. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്ട്വിറ്ററിന്റെ ഓഫീസിൽ കാവൽ, സുരക്ഷാ സേവനങ്ങൾ എന്നിവ നിലവിലില്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളുമില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധി വരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും കൃതൃമായി നീക്കം ചെയ്യാൻ ആളില്ലാത്ത് സ്ഥിതിയാണുള്ളത്.
ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇവിടത്തെ ജീവനക്കാരോട് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെയും വാടക നൽകിയിട്ടില്ല. 136,250 ഡോളറാണ് ഇവിടത്തെ കെട്ടിടത്തിന് വാടകയായി നൽകേണ്ടത്. നിലവിൽ ട്വിറ്ററിന് കെട്ടിട ഉടമ നോട്ടീസ് നൽകിയിരിക്കുകയാണ്. ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻസിസ്‌കോയിലും കൂടിയേ ഇനി ട്വിറ്ററിന് ഓഫീസുള്ളൂ. കൂടാതെ രണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ വാടകയും പെൻഡിങാണ്. ന്യൂയോർക്കിലെ പല ഓഫീസുകളിലെയും ക്ലീനർമാരെയും സെക്യൂരിറ്റി ഗാർഡുകളെയും മസ്ക് പിരിച്ചുവിട്ടു. ജീവനക്കാരോട് മാത്രമല്ല സന്ദർശകരോടും മസ്‌ക് പെരുമാറുന്നത് സംബന്ധിച്ച് പരാതികളുണ്ട്. എന്നാല്‍ ഇവയോട് മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് പ്രതികരിച്ചിരുന്നു . കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയതിന് പിന്നാലെ ആയിരുന്നു ഇത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളം താഴെയാണ് ഇനിയുള്ളത്.