ദില്ലി: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ കത്തയച്ചു. ദേശീയ വനിത കമ്മീഷൻ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെയാണ് കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. 11മുറിവുകളാണ് ഡോക്ടർ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. നാളെയാണ് സംസ്കാരം.