കൽപ്പറ്റ: പിഎം 2 എന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിൽ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കാൻ വനംവകുപ്പ്. മതിയായ ആലോചനയില്ലാതെ തിടുക്കത്തിൽ ആനയെ പിടിച്ചെന്ന വിമർശനത്തിൽ വനംവകുപ്പിൽ അതൃപ്തിയുണ്ട്. ഒരു വർഷമായി മുത്തങ്ങയിലെ ആനപ്പന്തിയിൽ കഴിയുന്ന ഈ മോഴയാനയെ ഇനി കാട്ടിൽ വിട്ടാൽ അതീജീവിക്കുക ശ്രമകരമാണെന്നും വനം വകുപ്പ് കരുതുന്നു.
പന്തല്ലൂർ മഖ്ന എന്ന പിഎം 2 ടുവിനെ 2023 ജനുവരി ഒൻപതിനാണ് വയനാട് എലഫന്റ് സ്ക്വാഡ് പിടികൂടി കൂട്ടിലടച്ചത്. സുൽത്താൻ ബത്തേരി നഗരത്തിൽ ഇറങ്ങി അപകടവിലസൽ നടത്തിയതോടെയാണ് ആനയെ പിടിക്കാൻ വനംവകുപ്പ് തുനിഞ്ഞത്. പക്ഷേ, ആനപിടുത്തത്തിനുള്ള സംഘം അന്ന് ധോണിയെ വിറപ്പിച്ച പിടി സെവനെ പിടിക്കാനുള്ള ഒരുക്കത്തിൽ പാലക്കാട് ആയിരുന്നു. അവിടെ നിന്ന് രാത്രി, ചുരം കയറി ബത്തേരിയിലെത്തിയ സംഘം പിഎം ടുവിനെ തടവിലാക്കി.
ആ മയക്കുവെടി ദൗത്യത്തെ വിമർശിച്ചാണ് വിദഗ്ധ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. നേരത്തെ തമിഴ്നാട്ടിലെ പന്തല്ലൂർ മേഖലയിൽ നിരവധി വീടുകൾ തകർത്ത മോഴയാണ് പിഎം 2. അരിശി രാജയെന്ന് നാട്ടുകാർ വിളിച്ച മോഴയാന രണ്ടുപേരെ കൊന്നിട്ടുമുണ്ട്. ഇതോടെ 2022 ഡിസംബറിൽ തമിഴ്നാട് ആനയെ മയക്കുവെടിവച്ച് റോഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടു. എന്നിട്ടും മോഴ മറ്റൊരു ജനവാസ മേഖലയിൽ എത്തി, വിലസി. ഇതൊന്നും പരിഗണിച്ചില്ലേ എന്നാണ് ജനപ്രതിനിധികളുടെ ചോദ്യം.
മയക്കുവെടി വച്ച ആനയെ എന്തുചെയ്യണം എന്ന് തീരുമാനിക്കും മുമ്പ് ഘടിപ്പിച്ചിരുന്ന റോഡിയോ കോളർ ദൗത്യസംഘം ഊരിമാറ്റിയെന്നും വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ട്. എന്നാൽ ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രധാന ഉദ്യോഗസ്ഥരെ അടക്കം വിദഗ്ധ സമിതി കേട്ടില്ലെന്ന പഴി ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ടു തന്നെ വനംവകുപ്പ് ഹൈക്കോടതിയിൽ നൽകുന്ന വിശദീകരണം വളരെ പ്രധാനപ്പെട്ടതാണ്.