സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ സ്ഥാപകനും പുതിയ ഉടമസ്ഥനും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ ദിവസം തന്റെ പഴയ ജീവനക്കാരോട് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡോർസി കൂടുതൽ രൂക്ഷമായി രംഗത്ത് എത്തിയത്. ലോകത്ത് ഏറ്റവും കൃതൃമായ വിവരങ്ങൾ ലഭിക്കുന്ന സംവിധാനമായി ട്വിറ്ററിനെ മാറ്റിയെടുക്കുമെന്ന് മസ്ക് പറഞ്ഞിരുന്നു.
ആര്‍ക്ക് വിവരം നൽകാൻ എന്നാണ് ഡോർസി ട്വീറ്റിന് റിപ്ലൈ നൽകിയത്. ബേഡ് വാച്ചിനെ കമ്മ്യൂണിറ്റി നോട്സ് എന്ന പേരിൽ മസ്ക് പരിഷ്കരിച്ചത് കഴിഞ്ഞ ദിവസമാണ്. പഴയ പേരായിരുന്നു ഏറ്റവും നല്ലത് എന്നാണ് ഡോർസി ഇതിന് പ്രതികരിച്ചത്. തനിക്ക് ആ പേരിനോട് വല്യ താല്പര്യം തോന്നിയിട്ടില്ലെന്നാണ് മസ്ക് പറഞ്ഞത്.
തെറ്റായ വിവരങ്ങൾ തടയാനാണ് ട്വിറ്റര്‍ ഈ സംവിധാനം കൊണ്ടുവന്നത്. ഈ സംവിധാനം അനുസരിച്ച് തെറ്റായ വിവരങ്ങൾ പങ്കിടുന്നുവെന്ന് തോന്നുന്ന ട്വീറ്റുകൾ ഫ്ലാഗ് ചെയ്യാൻ കഴിയും.എന്നാല്‍ ഏറ്റവും മോശം പേരാണ് കമ്മ്യൂണിറ്റി നോട്സ് എന്നാണ് ഡോർസി പറയുന്നത്.
ട്വീറ്ററിന്‍റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി രംഗത്തെത്തിയത്. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. 50 ശതമാനത്തോളം ജീവനക്കാരെ നിലവിൽ പിരിച്ചുവിട്ടു കഴിഞ്ഞു. 7500 ഓളം ജീവനക്കാരായിരുന്നു ട്വീറ്ററിൽ ഉള്ളത്.
ട്വീറ്ററിലെ ജീവനക്കാര് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവരാണ്. എത്ര സങ്കീർണമായ സാഹചര്യത്തിനും അവർ പരിഹാരം കണ്ടെത്തും. നിങ്ങളിൽ പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. ഈ അവസ്ഥയിൽ നിങ്ങൾ എത്തിയതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്നാണ് ഡോർസി ട്വീറ്റിൽ പറയുന്നത്. നിങ്ങൾ ഓരോരുത്തരോടും എനിക്ക് സ്നേഹവും കടപ്പാടുമുണ്ട്, പക്ഷേ ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ തീരുമാനം ഏറെ ചർച്ചയായിരിക്കുകയാണ്.