ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഇനിയും ചെലവേറും. 282 കോടി രൂപ അധികമായി വേണ്ടിവരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബജറ്റിട്ടതിനേക്കാള്‍ 29 ശതമാനം കൂടുതല്‍ ചെലവ് വരുമെന്നാണു കണക്കുകള്‍ പറയുന്നത്. 2020 ഡിസംബറിലെ ശിലാസ്ഥാപന ചടങ്ങിനുശേഷമാണ് വര്‍ധനയുണ്ടായത്. പദ്ധതിക്കു നേരത്തേ കണക്കുകൂട്ടിയിരുന്നത് 977 കോടിയായിരുന്നു. ഇതില്‍ 29 ശതമാനം വര്‍ധനയുണ്ടായതോടെ 282 കോടിയുടെ അധികചെലവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കണക്കുപ്രകാരം 1,259 കോടി രൂപ ആവശ്യമാണ്. നിര്‍മാണം ഏറ്റെടുത്ത ടാറ്റ പ്രൊജക്ട്‌സ് പദ്ധതിയുടെ 40 ശതമാനം പൂര്‍ത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങളൊന്നും ബാധിക്കാത്ത വിധത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.
20,000 കോടി രൂപയിലേറെ മുതല്‍മുടക്കുള്ള പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. 10 മന്ദിരം, അതില്‍ 51 കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാര്‍. ഇവര്‍ക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗര്‍ഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോണ്‍ഫറന്‍സ് സെന്ററുകളും ലാന്‍ഡ്‌സ്‌കേപ് ലോണ്‍സും എല്ലാം ഉള്‍പ്പെടുന്ന സംവിധാനമാണിത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണു പുതിയ മന്ദിരവും. ഉയരവും തുല്യമാണ്.