അച്ഛൻ പഠിക്കാൻ പറഞ്ഞ ദേഷ്യത്തിൽ ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വീടിനു സമീപത്തായി നിന്ന് കളിക്കുന്നത് കണ്ട മകളോട് വീട്ടിൽ പോയിരുന്നു പഠിക്കാൻ അച്ഛൻ കൃഷ്ണമൂർത്തി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ മുറിക്കുള്ളിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും അച്ഛൻ തന്നെയാണ്.
സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു പെൺകുട്ടി കഴിഞ്ഞ ആറുമാസത്തിനിടെ എഴുപതോളം റീലുകളാണ് ചെയ്തിട്ടുള്ളത്. സമീപവാസികൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ ‘റീൽസ് ക്വീൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കൃഷ്ണമൂർത്തി വീടിന് പുറത്തേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് മകൾ വീടിനു പുറത്തുനിന്ന് കളിക്കുന്നത് കണ്ടത്. ഉടൻ തന്നെ അദ്ദേഹം മകളോട് വീട്ടിൽ പോയിരുന്നു പഠിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് കയ്യിലുണ്ടായിരുന്നു വീടിൻറെ താക്കോൽ അവൾക്ക് നൽകി.
ശേഷം പുറത്തേക്ക് പോയ അദ്ദേഹം പിന്നീട് തിരികെ എത്തിയത് രാത്രി 8:15 -നാണ്. ഈ സമയം വീട് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ പൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മകൾ തുണി കഴുത്തിൽ മുറുക്കി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയ മകളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. സോഷ്യൽ മീഡിയയുടെ അമിതമായ സ്വാധീനം ആകാം പെൺകുട്ടിയെ ഇത്തരത്തിൽ ഒരു ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. അച്ഛൻ പഠിക്കാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ വന്നതും ഈ ദുരന്തത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.