ലുധിയാന: ഒരു ദിവസത്തേക്ക് സ്കൂളിന് അവധി കിട്ടാനായി ഒൻപതാം ക്ലാസ്സുകാരൻ നടത്തിയ പ്രാങ്കിന് പിന്നാലെ പൊലീസ് അന്വേഷണം. സ്കൂളിൽ ബോംബ് സ്ഫോടനം നടത്തും എന്നാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിന് അജ്ഞാത സന്ദേശം അയച്ചത്. തുടർന്ന് പരിശോധനയിൽ ഒന്നും കണ്ടെത്താതിരുന്നതോടെ ആരാണ് മെയിൽ അയച്ചത് എന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.
പഞ്ചാബിലെ ധന്ദ്ര ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ബിഹാറിൽ നിന്നുള്ള ഒരു ഓൺലൈൻ സുഹൃത്തിന്‍റെ സഹായത്തോടെയാണ് പ്രിൻസിപ്പാളിന് ബോംബ് ഭീഷണി മെയിൽ അയച്ചത്. ശനിയാഴ്ച സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടാകും എന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് പ്രിൻസിപ്പാളിന് മെയിൽ ലഭിച്ചത്. പ്രിൻസിപ്പാൾ സ്‌കൂൾ മാനേജ്‌മെന്‍റിനെയും പൊലീസിനെയും വിവരമറിയിച്ചു.
വിദ്യാർത്ഥി ആഗ്രഹിച്ചതു പോലെ വെള്ളിയാഴ്ച സ്കൂളിന് അവധി ലഭിച്ചു. സ്‌കൂൾ പരിസരത്ത് തിരച്ചിൽ നടത്താൻ സൗത്ത് പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ (എസിപി) ഹർജീന്ദർ സിംഗ് ബോംബ് സ്ക്വാഡിനെ അയച്ചു. സ്കൂളിന് അവധി പ്രഖ്യാപിച്ച് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തു കണ്ടെത്താനായില്ല. തുടർന്ന് മെയിൽ അയച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ചെന്നെത്തിയത് 15 വയസ്സുകാരനിലാണ്.
ഐപി വിലാസം പിന്തുടർന്നാണ് പൊലീസ് 15കാരനിൽ എത്തിയത്. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ മെയിൽ അയച്ചെന്ന് കുട്ടി സമ്മതിച്ചതായി എസിപി പറഞ്ഞു. സ്കൂളിന് അവധി കിട്ടാൻ എന്താണ് മാർഗമെന്ന് ചോദിച്ചപ്പോൾ ഓണ്‍ലൈൻ സുഹൃത്തായ ബിഹാർ സ്വദേശിയായ യുവാവാണ് മെയിൽ അയയ്ക്കാൻ തന്നോട് നിർദേശിച്ചതെന്ന് കുട്ടി മൊഴി നൽകി. ഇരുവരും ഒന്നിച്ച് ഓണ്‍ലൈൻ ഗെയിം കളിക്കാൻ പദ്ധതിയിട്ടിരുന്നു. മെയിൽ അയച്ചയാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ മറ്റ് നടപടികളിലേക്ക് കടക്കുന്നല്ലെന്ന് പൊലീസ് അറിയിച്ചു.