തിരുവനന്തപുരം : ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇക്കുറി കുറവുണ്ടായെന്ന് സംസ്ഥാന സർക്കാരിന്റെ കണക്ക്. ഒന്നാം ക്ലാസിൽ 45573 കുട്ടികളുടെ കുറവാണ് ഉണ്ടായത്. സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത് 348741 കുട്ടികളാണ്. ഇത്തവണ 303168 പേർ മാത്രമാണ് മുഴുവൻ സ്കൂളുകളിലുമായി പ്രവേശനം നേടിയത്. സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ മാത്രം ഈ വർഷം ഒന്നാം ക്ലാസിൽ 37522 കുട്ടികളുടെ കുറവുണ്ട്. രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ സ്കൂളുകളിൽ 119970 കുട്ടികൾ വർധിച്ചു. അധ്യയന വർഷം ആരംഭിച്ച് ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ ഹാജർ നില അടിസ്ഥാനമാക്കിയുള്ളതാണ് സർക്കാർ പുറത്തുവിട്ട കണക്ക്. വിദ്യാഭ്യാസ മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കാണിത്.