കാസർകോട്: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ 111 വയസുകാരി വീട്ടിൽ വോട്ട് ചെയ്തു. കുപ്പച്ചിയമ്മയുടെ വെള്ളിക്കോത്തെ വീട്ടിലാണ് വീട്ടിലെ വോട്ടിൻ്റെ ജില്ല തല ഉദ്ഘാടനം നടന്നത്. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. വെള്ളിക്കോത്ത് സ്വദേശിയായ കുപ്പച്ചിയമ്മയുടെ വീട്ടിൽ പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം ജില്ല കലക്ടറും എത്തിയത്.
നാളിതുവരെ കുപ്പച്ചിയമ്മ വോട്ട് മുടക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തീരുമാനപ്രകാരം ഇത്തവണ വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുപ്പച്ചിയമ്മ. വെള്ളിക്കോത്ത് സ്കൂളിലെ 20ാം നമ്പർ ബൂത്തിലെ വോട്ടറാണ് കുപ്പച്ചിയമ്മ. കന്നി വോട്ട് മുതൽ ഇതേ സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത് . മകന്റെ ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പമാണിപ്പോൾ കഴിയുന്നത്.