ചാവക്കാട് : രണ്ട് മാസം മുമ്പ് ബ്ലാങ്ങാട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് കനത്ത തിരയില്‍ പെട്ട് തകര്‍ന്നതില്‍ വിവാദം. മതിയായ സുരക്ഷാ പരിശോധനകളില്ലാതെയാണ് പദ്ധതി തുടങ്ങിയതെന്ന ആരോപണമുയര്‍ത്തി നഗരസഭയിലെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. തിരയേറ്റത്തില്‍ ബ്രിഡ്ജ് തകര്‍ന്നതല്ലെന്നും അഴിച്ചു വച്ചതാണെന്നുമാണ് നടത്തിപ്പുകാരുടെ വാദം. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തുള്ള ഫ്ളോട്ടിങ് ബ്രിഡ്ജ്. ടൂറിസം വകുപ്പിന്‍റെ ഡസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കൗണ്‍സില്‍ പദ്ധതിയില്‍ ബീച്ച് ബ്രദേഴ്സ് ചാവക്കാട് എന്ന സ്വകാര്യ കമ്പനിയാണ് എണ്‍പത് ലക്ഷം രൂപ ചെലവില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ചത്. ഇന്നലെ വേലിയേറ്റത്തെത്തുടര്‍ന്നുണ്ടായ കനത്ത തിരയില്‍ ബ്രിഡ്ജിന്‍റെ ഒരുഭാഗം തകരുകയായിരുന്നു. ബാക്കിയുള്ള ഭാഗം ബിബിസി കമ്പനി ജീവനക്കാര്‍ തന്നെ ട്രാക്ടര്‍ ഉപയോഗിച്ച് കരയ്ക്ക് വലിച്ചു കയറ്റിയും വച്ചു. ഫ്ളോട്ടിങ് ബ്രിഡ്ജ് വേലിയേറ്റത്തില്‍ തകര്‍ന്നതല്ലെന്ന വാദമാണ് നടത്തിപ്പുകാരുടേത്.